ടൊറന്റോ: ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡിനെതിരെ രൂക്ഷമായ പരാമർശങ്ങളുമായി പ്രതിപക്ഷമായ എൻ.ഡി.പി (NDP) നേതാവ് മാരിറ്റ് സ്റ്റൈൽസ്. ഗ്രീൻബെൽറ്റ് അഴിമതി യുമായി ബന്ധപ്പെട്ട് തന്റെ സർക്കാർ അധികാരത്തിൽ വരുമ്പോൾ പൊതുഅന്വേഷണം പ്രഖ്യാപിക്കുമെന്നും, അതിന്റെ ഫലമായി ഡഗ് ഫോർഡ് ജയിലിൽ പോകേണ്ടി വരുമെന്നു മാണ് സ്റ്റൈൽസ് പ്രസ്താവിച്ചത്. എന്നാൽ മാരിറ്റ് സ്റ്റൈൽസിന്റെ വാക്കുകൾ അതിരു കടന്നതാണെന്നും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തരംതാഴ്ന്ന രാഷ്ട്രീയ ശൈലിയാണിതെന്നും ഡഗ് ഫോർഡ് തിരിച്ചടിച്ചു. സർക്കാർ രേഖകളും പ്രീമിയറുടെ ഫോൺ സംഭാഷണങ്ങളും പൊതുജനങ്ങളിൽ നിന്ന് മറച്ചുവെക്കാൻ ഫോർഡ് സർക്കാർ വിവരാവകാശ നിയമത്തിൽ (FOI) മാറ്റം വരുത്തിയതിനെ മാരിറ്റ് സ്റ്റൈൽസ് ചോദ്യം ചെയ്തു. സർക്കാരിന്റെ അവിശുദ്ധ ഇടപാടുകൾ ഒളിപ്പിക്കാനാണ് ഈ നീക്കമെന്നാണ് സ്റ്റൈൽസിൻ്റെ ആരോപണം.

സംരക്ഷിത വനഭൂമിയായ ഗ്രീൻബെൽറ്റിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയതുമായി ബന്ധപ്പെട്ട് നിലവിൽ ആർ.സി.എം.പി (RCMP) ക്രിമിനൽ അന്വേഷണം നടത്തിവരികയാണ്. ഇതിൽ ഗുരുതരമായ അഴിമതി നടന്നിട്ടുണ്ടെന്നാണ് പ്രതിപക്ഷത്തിൻ്റെ ആരോപണം. ഇത്തരം വ്യക്തിപരമായ അധിക്ഷേപങ്ങൾ ജനാധിപത്യത്തിന് ചേർന്നതല്ലെന്നും പ്രതിപക്ഷ നേതാവ് മാപ്പ് പറയേണ്ടതില്ലെങ്കിലും എന്നാൽ അവരുടെ നിലവാരമില്ലായ്മയാണ് ഇത് കാണിക്കുന്നതെന്നുമായിരുന്നു ഫോർഡിൻ്റെ മറുപടി. അതേ സമയം സംഭവത്തിൽ സ്റ്റൈൽസ് മാറ്റ് പറഞ്ഞില്ല. കുറ്റവാളികളെ സംരക്ഷിക്കാൻ നിയമം മാറ്റുന്ന സർക്കാർ തങ്ങളെ കുറ്റപ്പെടുത്തുന്നത് പരിഹാസ്യമാണെന്നും സത്യം പുറത്തുകൊണ്ടുവരുമെന്നും അവർ ആവർത്തിച്ചു.
