കാൽഗറി: കാനഡയിൽ നിന്ന് വേർപിരിയുന്നതിനായി ആൽബർട്ടയിൽ നിന്നും ഉയരുന്ന വിഭജനനീക്കങ്ങളെയും റഫറണ്ടം ആവശ്യപ്പെട്ടുള്ള ഹർജികളെയും ഗൗരവത്തോടെ കാണുന്നതായി പ്രധാനമന്ത്രി മാർക്ക് കാർണി. പുതിയ ഗവർണർ ജനറലിനെ പ്രഖ്യാപിക്കുന്ന ചടങ്ങിനിടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ആൽബർട്ട കാനഡയിൽ നിന്നും വേർപിരിയണോ എന്ന കാര്യത്തിൽ ഹിതപരിശോധനനടത്തണമെന്ന് ആവശ്യപ്പെട്ട് ‘സ്റ്റേ ഫ്രീ അൽബെർട്ട’എന്ന സംഘടന മൂന്ന് ലക്ഷത്തിലധികം ഒപ്പുകൾ ശേഖരിച്ച് ഇലക്ഷൻ ആൽബർട്ടയ്‌ക്ക് സമർപ്പിച്ചിരുന്നു. ഹിതപരിശോധനയ്ക്ക് ആവശ്യമായ 1,78,000 ഒപ്പുകളെക്കാൾ കൂടുതലാണിതെന്നാണ് സംഘാടകരുടെ അവകാശവാദം. ഫെഡറലി സത്തിന്റെ അന്തസത്ത ഉയർത്തിപ്പിടിച്ചുകൊണ്ട് രാജ്യത്തെ എല്ലാ ജനങ്ങൾക്കും വേണ്ടി പ്രവർത്തിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് കാർണി പറഞ്ഞു. വിഘടനവാദ നീക്കങ്ങൾ തടയാൻ നിയമപരമായ മാർഗങ്ങളും ക്ലാരിറ്റി ആക്റ്റുംകൃത്യമായി പാലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുപ്രീം കോടതിയുടെ മുൻ ഉത്തരവുകളും നിയമപരമായ ചട്ടക്കൂടുകളും ഹിതപരിശോധനയ്ക്ക് ബാധകമാണെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. കൂടാതെ, ഈ നീക്കം തങ്ങളുടെ ഉടമ്പടി അവകാശങ്ങളെ ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ആൽബർട്ടയിലെ തദ്ദേശീയസമൂഹങ്ങൾ കോടതിയെ സമീപിച്ചിട്ടുണ്ട്. ഇലക്ഷൻ ആൽബർട്ട ഒപ്പുകൾ പരിശോധിച്ച് സ്ഥിരീകരിക്കുകയാണെങ്കിൽ, വരാനിരിക്കുന്ന ഒക്ടോബറിൽ ഹിതപരിശോധന ഉണ്ടായേക്കാം. ദേശീയ ഐക്യം നിലനിർത്തുന്നതിൽ ഗവർണർ ജനറലിന്റെ പങ്ക് നിർണ്ണായകമാണെന്നും എല്ലാവരും നിയമത്തിന് മുന്നിൽ തുല്യരാണെന്ന സന്ദേശമാണ് ലൂയിസ് ആർബറിലൂടെ നൽകുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. തദ്ദേശീയസമൂഹങ്ങൾ നൽകിയ ഹർജിയിലെ എഡ്‌മിൻ്റനിലെ കോടതി വിധി കൂടി ഈ വിഷയത്തിൽ നിർണ്ണായകമാകും.
