ടൊറന്റോ: കാനഡയിലെ റെസ്റ്ററന്റ് വ്യവസായം കടുത്ത സാമ്പത്തിക സമ്മർ ദ്ദത്തിലാണെന്ന് വെളിപ്പെടുത്തി ‘റെസ്റ്ററന്റ്സ് കാനഡ’യുടെഏറ്റവും പുതിയ ത്രൈമാസ റിപ്പോർട്ട്. രാജ്യത്തെ 36 ശതമാനം റെസ്റ്ററൻ്റുകളും നിലവിൽ നഷ്ടത്തിലോ അല്ലെങ്കിൽ ലാഭമില്ലാത്ത അവസ്ഥയിലോ (Breaking even) ആണ് പ്രവർത്തിക്കുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. 2019-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് മൂന്നിരട്ടി കൂടുതലാണ്. ഈ വർഷത്തെ ആദ്യ പാദത്തിൽ പകുതിയോളം റെസ്റ്ററന്റുകൾ വിൽപനയിൽ ഇടിവ് രേഖപ്പെടുത്തി. 71 ശതമാനം ഉടമകളും ലാഭക്ഷമത കുറഞ്ഞതായി പരാതിപ്പെട്ടു. 2026-ൽ മൊത്തത്തിലുള്ള വിൽപനയിൽ 0.2 ശതമാനം ഇടിവുണ്ടാ കുമെന്നാണ് പ്രവചനം. അസംസ്‌കൃത വസ്തുക്കളുടെ ഉയർന്ന വില, വർധിച്ചുവരുന്ന തൊഴിൽ ചെലവ്, ഉപഭോക്താക്കളുടെ എണ്ണത്തിലെ കുറവ് എന്നിവയാണ് ഈ മേഖല നേരിടുന്ന പ്രധാന വെല്ലുവിളികൾ.

എല്ലാ ഭക്ഷണസാധനങ്ങൾക്കും ഏർപ്പെടുത്തുന്ന സ്ഥിരമായ ജി.എസ്.ടി ഒഴിവാക്കണമെന്ന് ‘റെസ്റ്ററന്റ്സ് കാനഡ’ സർക്കാരിനോട് ആവശ്യപ്പെട്ടു. മുൻപ് ഡിസംബർ 2024 മുതൽ ഫെബ്രുവരി 2025 വരെ റെസ്റ്റോറന്റ് ഭക്ഷണത്തിന് താൽക്കാലിക ജി.എസ്.ടി ഇളവ് നൽകിയിരുന്നു. ഇത് സ്ഥിരമാക്കുന്നത് ഉപഭോക്താക്കൾക്കും സ്ഥാപനങ്ങൾക്കും ഒരുപോലെ ആശ്വാസമാകുമെന്ന് റെസ്റ്ററന്റ്സ് കാനഡ സി.ഇ.ഒ കെല്ലി ഹിഗ്ഗിൻസൺ പറഞ്ഞു. കാനഡയിൽ പ്രതിദിനം 2.3 കോടി തവണ ആളുകൾ റെസ്റ്ററന്റുകളെ ആശ്രയിക്കുന്നുണ്ടെന്നും 10 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ ഈ മേഖല നൽകുന്നുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ജനങ്ങൾ സാമ്പത്തികമായി ബുദ്ധിമുട്ടുമ്പോൾ അതിന്റെ പ്രതിഫലനം ആദ്യം ദൃശ്യമാകുന്നത് റെസ്റ്ററന്റ് മേഖലയിലാണെന്നും കെല്ലി ഹിഗ്ഗിൻസൺ കൂട്ടിച്ചേർത്തു.
