Tuesday, May 5, 2026

ടിവികെയുമായി കൈകൊടുക്കാന്‍ കോണ്‍ഗ്രസ്; ഇന്‍ഡ്യാ സഖ്യം വിടുമെന്ന് ഡിഎംകെ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ വിജയിയുടെ തമിഴക വെട്രി കഴകവുമായി (ടിവികെ) സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് ഔദ്യോഗികമായി തീരുമാനിച്ചു. ചെന്നൈയില്‍ അടിയന്തരമായി ചേര്‍ന്ന കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് ടിവികെയെ പിന്തുണയ്ക്കാനുള്ള നിര്‍ണ്ണായക തീരുമാനമെടുത്തത്. കോണ്‍ഗ്രസിന്റെ അഞ്ച് എംഎല്‍എമാരും വിജയ് സര്‍ക്കാരിനെ പിന്തുണയ്ക്കും. സഖ്യത്തിന്റെ ഭാഗമായി രണ്ട് മന്ത്രിസ്ഥാനങ്ങളും പ്രധാന ബോര്‍ഡ് കോര്‍പ്പറേഷന്‍ പദവികളും കോണ്‍ഗ്രസ് ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ടിവികെയുമായുള്ള സഹകരണം സംബന്ധിച്ച തീരുമാനം ഇന്ന് തന്നെ പാര്‍ട്ടിയെ അറിയിക്കുമെന്ന് തമിഴ്‌നാടിന്റെ ചുമതലയുള്ള ഗിരീഷ് ചോദാങ്കര്‍ വ്യക്തമാക്കി. സംസ്ഥാന ഘടകത്തിന്റെ തീരുമാനം ഹൈക്കമാന്‍ഡിനെയും ഇന്ന് തന്നെ അറിയിക്കും. തമിഴ്‌നാട്ടില്‍ ഒരു മതേതര സര്‍ക്കാര്‍ രൂപീകരിക്കാനാണ് താല്‍പര്യമെന്ന് വിജയ് അറിയിച്ചിട്ടുണ്ടെന്നും സാഹചര്യങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പ്രതികരിച്ചു.

അതേസമയം, കോണ്‍ഗ്രസിന്റെ ഈ നീക്കം ഡിഎംകെയും ഇന്‍ഡ്യാ സഖ്യവുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് ടിവികെയുമായി കൈകോര്‍ക്കുന്ന സാഹചര്യത്തില്‍ ഇന്‍ഡ്യാ സഖ്യം വിടുമെന്ന നിലപാടിലാണ് ഡിഎംകെ. ഇത് ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ദശാബ്ദങ്ങളായുള്ള ഡിഎംകെ-കോണ്‍ഗ്രസ് ബന്ധം ഇതോടെ അവസാനിക്കുമോ എന്ന ആശങ്കയും രാഷ്ട്രീയ കേന്ദ്രങ്ങള്‍ പങ്കുവെക്കുന്നു.

തിരഞ്ഞെടുപ്പില്‍ 108 സീറ്റുകള്‍ നേടി ടിവികെ കരുത്ത് തെളിയിച്ചെങ്കിലും കേവല ഭൂരിപക്ഷമായ 118 എന്ന സംഖ്യയിലെത്താന്‍ വിജയിക്ക് സാധിച്ചിരുന്നില്ല. ഡിഎംകെ 59 സീറ്റുകളും എഡിഎംകെ 47 സീറ്റുകളും നേടിയപ്പോള്‍ കോണ്‍ഗ്രസ് അഞ്ച് സീറ്റുകളിലാണ് വിജയിച്ചത്. കോണ്‍ഗ്രസിന് പുറമെ മുസ്ലിം ലീഗ്, സിപിഐ, സിപിഎം എന്നീ പാര്‍ട്ടികളുടെ നിലപാടുകളും സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണ്ണായകമാകും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!