Wednesday, May 6, 2026

ബംഗാളില്‍ വ്യാപക സംഘര്‍ഷം; രണ്ട് തൃണമൂല്‍ പ്രവര്‍ത്തകരും രണ്ട് ബിജെപി പ്രവര്‍ത്തകരും കൊല്ലപ്പെട്ടു

കൊല്‍ക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് – ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ വ്യാപകമായ സംഘര്‍ഷം തുടരുന്നു. ബെലഘട്ടയിലും നാനൂറിലുമായി തങ്ങളുടെ രണ്ട് പ്രവര്‍ത്തകര്‍ ബിജെപി ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. അതേസമയം, നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ തങ്ങളുടെ രണ്ട് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ബിജെപിയും സ്ഥിരീകരിച്ചു. അബീര്‍ ഷെയ്ഖ്, ബിശ്വജിത്ത് പട്‌നായിക് എന്നിവരാണ് തൃണമൂല്‍ പക്ഷത്ത് കൊല്ലപ്പെട്ടത്. യാദവ് ബോര്‍ ജാദവ്, മധു മൊണ്ഡാല്‍ എന്നിവര്‍ ബിജെപി പക്ഷത്തുനിന്നും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

ബിജെപിയുടെ വിജയാഹ്ലാദ പ്രകടനങ്ങള്‍ക്കിടെ പലയിടത്തും സംഘര്‍ഷം പൊട്ടിപ്പുറപ്പെടുകയായിരുന്നു. കൊല്‍ക്കത്തയിലെ ചരിത്രപ്രസിദ്ധമായ ന്യൂ മാര്‍ക്കറ്റില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ യൂണിയന്‍ ഓഫീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് ബിജെപി പ്രവര്‍ത്തകര്‍ പൂര്‍ണ്ണമായും തകര്‍ത്തു. നൂറുകണക്കിന് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയതോടെ സംഘര്‍ഷാവസ്ഥ രൂക്ഷമാവുകയും വ്യാപാരികള്‍ കടകളടച്ച് പലായനം ചെയ്യുകയും ചെയ്തു. പിന്നീട് വന്‍ പോലീസ് സന്നാഹമെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. ഹൗറ, ബെറാംപൂര്‍ തുടങ്ങിയ സ്ഥലങ്ങളിലും തൃണമൂല്‍ ഓഫീസുകള്‍ക്ക് നേരെ വ്യാപകമായ ആക്രമണങ്ങള്‍ ഉണ്ടായി.

പതിനഞ്ച് വര്‍ഷം നീണ്ട തൃണമൂല്‍ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് ഇത്തവണ ബിജെപി ബംഗാളില്‍ അധികാരം പിടിച്ചത്. ആകെയുള്ള 293 സീറ്റുകളില്‍ 207 എണ്ണവും നേടി ബിജെപി വ്യക്തമായ ഭൂരിപക്ഷം ഉറപ്പാക്കി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 216 സീറ്റുകള്‍ നേടിയിരുന്ന തൃണമൂല്‍ ഇത്തവണ വെറും 80 സീറ്റുകളിലേക്ക് ഒതുങ്ങി. വന്‍ തിരിച്ചടി നേരിട്ട തൃണമൂലിന് സ്വന്തം മണ്ഡലമായ ഭവാനിപൂരില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പരാജയപ്പെട്ടത് കനത്ത ആഘാതമായി മാറി.

മുന്‍ സഹപ്രവര്‍ത്തകനും ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായ സുവേന്ദു അധികാരിയോടാണ് മമത ബാനര്‍ജി പരാജയപ്പെട്ടത്. അധികാരം നഷ്ടപ്പെട്ടതിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാഷ്ട്രീയ വൈരാഗ്യം തെരുവ് യുദ്ധങ്ങളിലേക്ക് നീങ്ങുന്നത് ബംഗാളില്‍ കനത്ത സുരക്ഷാ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ക്രമസമാധാന നില തകരാതിരിക്കാന്‍ കേന്ദ്ര സേനയുടെ സാന്നിധ്യം മേഖലയില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!