Wednesday, May 6, 2026

`മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സോഷ്യല്‍ മീഡിയ അല്ല ഹൈക്കമാന്‍ഡ്’: രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്തെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത് ഹൈക്കമാന്‍ഡാണെന്നും അല്ലാതെ സമൂഹമാധ്യമങ്ങളല്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എം.എല്‍.എമാരുടെ പിന്തുണയ്ക്കായി തങ്ങള്‍ക്കിടയില്‍ മത്സരമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, മുഖ്യമന്ത്രി സ്ഥാനത്തേക്ക് നേതാക്കളെ ഉയര്‍ത്തിക്കാട്ടി സ്ഥാപിക്കുന്ന ഫ്‌ലക്‌സ് ബോര്‍ഡുകള്‍ മാനദണ്ഡമല്ലെന്നും ഓര്‍മ്മിപ്പിച്ചു. യുഡിഎഫ് നേടിയ തിളക്കമാര്‍ന്ന വിജയത്തിന് പിന്നാലെ നായകനെ തീരുമാനിക്കുന്നതില്‍ യാതൊരു കാലതാമസവും ഉണ്ടായിട്ടില്ലെന്നും എല്ലാം മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നുവെന്നും അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

തന്റെ ഡല്‍ഹി സന്ദര്‍ശനത്തിന് കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ചകളുമായി ബന്ധമില്ലെന്നും മഹാരാഷ്ട്ര കോണ്‍ഗ്രസിന്റെ പുനസംഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായാണ് എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ന് രാവിലെ 11:30-ന് സോണിയ ഗാന്ധിയുടെ വസതിയില്‍ വെച്ച് നടക്കുന്ന മഹാരാഷ്ട്ര ഡിസിസി പുനസംഘടന യോഗത്തില്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും പങ്കെടുക്കുന്നുണ്ട്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഹൈക്കമാന്‍ഡ് കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം ഉണ്ടാകുമെന്നും ചെന്നിത്തല വ്യക്തമാക്കി.

അതേസമയം, നിയുക്ത എംഎല്‍എമാരുടെ അഭിപ്രായം ആരായുന്നതിനായി എഐസിസി രണ്ട് മുതിര്‍ന്ന നിരീക്ഷകരെ കേരളത്തിലേക്ക് അയക്കും. രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും പങ്കെടുത്ത യോഗത്തിലാണ് നിരീക്ഷകരെ നിയോഗിക്കാന്‍ തീരുമാനമായത്. ഇവര്‍ ആരൊക്കെയാണെന്ന് എഐസിസി ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലൂടെ അറിയിക്കും. നിയമസഭാ കക്ഷി യോഗം നടക്കുന്ന ദിവസം തന്നെ നിരീക്ഷകര്‍ സംസ്ഥാനത്തെത്തുകയും ഓരോ എംഎല്‍എമാരുമായും വ്യക്തിപരമായി ചര്‍ച്ച നടത്തുകയും ചെയ്യും.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശന്‍, കെ.സി. വേണുഗോപാല്‍ എന്നിവരുടെ പേരുകള്‍ സജീവമായി ഉയര്‍ന്നു കേള്‍ക്കുന്നതിനിടയിലാണ് ഹൈക്കമാന്‍ഡ് നിരീക്ഷകരെ അയക്കുന്നത്. താഴെത്തട്ടിലുള്ള വികാരം കൂടി പരിഗണിച്ച ശേഷമേ അന്തിമ പ്രഖ്യാപനം ഉണ്ടാകൂ എന്നാണ് സൂചന. യുഡിഎഫിന്റെ വന്‍ വിജയത്തിന് പിന്നാലെ അധികാര കൈമാറ്റം സുഗമമായി പൂര്‍ത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!