മെൽബൺ/സിഡ്നി: സിറിയയിലെ തീവ്രവാദി ക്യാമ്പുകളിൽ കഴിഞ്ഞിരുന്ന ഓസ്ട്രേലിയൻ വനിതകളും കുട്ടികളും നീണ്ട വർഷങ്ങൾക്ക് ശേഷം മാതൃരാജ്യത്ത് തിരിച്ചെത്തി. സിറിയയിലെയും ഇറാഖിലെയും ഇസ്ലാമിക് സ്റ്റേറ്റ് (ISIS) സ്വാധീന മേഖലകളിൽ നിന്ന് രക്ഷപ്പെട്ട ഇവർ വ്യാഴാഴ്ചയാണ് മെൽബണിലും സിഡ്നിയിലുമായി ഇറങ്ങിയത്. മൂന്ന് വനിതകളും എട്ട് കുട്ടികളും മെൽബണിലും, ഒരു വനിതയും മകനും സിഡ്നിയിലുമാണ് വിമാനമിറങ്ങിയത്. വിമാനത്താവളത്തിൽ എത്തിയുടൻ തന്നെ വനിതകളെ ഓസ്ട്രേലിയൻ ഫെഡറൽ പൊലീസ് ചോദ്യം ചെയ്യലിനായി മാറ്റി. ഇവർക്കെതിരെ ഭീകരവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ചുമത്താൻ സാധ്യതയുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

സിറിയയിലേക്ക് പോയി ഐസിസ് ഭീകരരെ പിന്തുണച്ചതിനെ ഓസ്ട്രേലിയൻ സർക്കാർ നേരത്തെ ശക്തമായി അപലപിച്ചിരുന്നു. ഇവരെ തിരികെ കൊണ്ടുവരുന്ന കാര്യത്തിൽ സർക്കാർ ആദ്യം വിമുഖത കാട്ടിയിരുന്നെങ്കിലും, മാനുഷിക പരിഗണന മുൻനിർത്തിയാണ് ഇപ്പോൾ അനുമതി നൽകിയത്. ഐസിസ് ഭരണത്തിന് കീഴിൽ ക്രൂരമായ പീഡനങ്ങൾക്കും കുറ്റകൃത്യങ്ങൾക്കും ഇവർ സാക്ഷികളോ പങ്കാളികളോ ആയിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. തിരിച്ചെത്തിയവരിൽ ഭൂരിഭാഗവും കുട്ടികളാണ്. ഇവർക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്ന് ‘സേവ് ദ ചിൽഡ്രൻ’പോലുള്ള സംഘടനകൾ വ്യക്തമാക്കി. സിറിയയിലെ അൽ-റോജ് പോലുള്ള തടങ്കൽ ക്യാമ്പുകളിൽ ഇനിയും നിരവധി ഓസ്ട്രേലിയക്കാർ കുടുങ്ങിക്കിടക്കുന്നുണ്ട്.
