Thursday, May 7, 2026

കാനഡയിലെ റീട്ടെയിൽ രംഗത്തിന് തിരിച്ചടി; 128 സ്റ്റോറുകൾ അടച്ചു പൂട്ടാനൊരുങ്ങി വെയർഹൗസ് വൺ

ഓട്ടവ: കാനഡയിലെ പ്രമുഖ വസ്ത്ര വ്യാപാര ശൃംഖലയായ വെയർഹൗസ് വൺ (Warehouse One) തങ്ങളുടെ എല്ലാ ഔട്ട്‌ലെറ്റുകളും പൂട്ടാനൊരുങ്ങുന്നതായി റിപ്പോർട്ട്. രാജ്യത്തുടനീളമുള്ള 128 സ്റ്റോറുകൾ ലിക്വിഡേറ്റ് ചെയ്യുന്നതിനായി കമ്പനി മാനിറ്റോബ കോടതിയുടെ അനുമതി തേടി. ‘കമ്പനീസ് ക്രെഡിറ്റേഴ്സ് അറേഞ്ച്മെന്റ് ആക്ട്’ (CCAA) പ്രകാരം കടബാധ്യതകളിൽ നിന്ന് സംരക്ഷണം തേടിയും പ്രവർത്തനം അവസാനിപ്പിക്കാനുമുള്ള നടപടികൾ ആരംഭിച്ചതായി ബുധനാഴ്ച കമ്പനി അറിയിച്ചു. വെയർഹൗസ് വൺ, ബൂട്ട്‌ലെഗ്ഗർ (Bootlegger) എന്നീ ബാനറുകൾക്ക് കീഴിൽ ഒൻപത് പ്രവിശ്യകളിലായി പ്രവർത്തിക്കുന്ന എല്ലാ ശാഖകളും ഇതോടെ പ്രവർത്തനം നിർത്തും.

ഓൺലൈൻ വ്യാപാര രംഗത്തെ വർദ്ധിച്ച മത്സരം, പ്രവർത്തനപരമായ വെല്ലുവിളികൾ, വിൽപനയിലെ ഇടിവ് എന്നിവയാണ് കമ്പനിയെ സാമ്പത്തിക തകർച്ചയിലേക്ക് നയിച്ചത്. 2020 മുതൽ ഏകദേശം 39 മില്യൺ ഡോളറിലധികം തുക ഓഹരിയുടമകൾ വായ്പയായി നൽകിയിട്ടും പ്രതിസന്ധി മറികടക്കാൻ സാധിച്ചില്ല. ചെലവ് കുറയ്ക്കാനുള്ള പല നടപടികൾ സ്വീകരിച്ചിട്ടും സാമ്പത്തിക നില മെച്ചപ്പെട്ടില്ലെന്നും, നിലവിൽ വാടകയും ജീവനക്കാരുടെ ശമ്പളവും നൽകാൻ കഴിയാത്ത സാഹചര്യമാണെന്നും കോടതി രേഖകൾ വ്യക്തമാക്കുന്നു. കൂടുതൽ ഫണ്ട് നൽകാൻ നിക്ഷേപകർ തയ്യാറാകാത്തതിനെത്തുടർന്നാണ് വിപണിയിൽ നിന്ന് പിന്മാറാൻ കമ്പനി തീരുമാനിച്ചത്.

1977-ൽ വിനിപെഗിൽ മാക്സ് മാരിക് എന്ന ഡെനിം ഡിസൈനർ തന്റെ കാറിന്റെ ഡിക്കിയിൽ കച്ചവടം ആരംഭിച്ചതാണ് അഞ്ചു പതിറ്റാണ്ടുകൾക്ക് ശേഷം അവസാനിക്കുന്നത്. ആൽബർട്ട, ബ്രിട്ടിഷ് കൊളംബിയ, ഒന്റാരിയോ തുടങ്ങി കാനഡയിലെ പ്രധാന പ്രവിശ്യകളിലെല്ലാം സാന്നിധ്യമുള്ള ഈ ശൃംഖലയുടെ പതനം റീട്ടെയിൽ രംഗത്തെ വലിയ വാർത്തയായി മാറിയിരിക്കുകയാണ്. വരും ദിവസങ്ങളിൽ കോടതിയുടെ അന്തിമ അനുമതി ലഭിക്കുന്നതോടെ സ്റ്റോറുകളിലെ സ്റ്റോക്ക് വിറ്റഴിച്ച് പ്രവർത്തനം പൂർണ്ണമായും അവസാനിപ്പിക്കുമെന്ന് കമ്പനി വക്താക്കൾ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!