റിഗ (ലാത്വിയ): ആകാശത്തിന് പിന്നാലെ ഇനി കരയുദ്ധവും നിയന്ത്രിക്കാൻ ഡ്രോണുകൾ എത്തുന്നു. ലാത്വിയയിൽ നടക്കുന്ന ക്രിസ്റ്റൽ ആരോ 2026എന്ന സൈനികാഭ്യാസത്തിലൂടെയാണ് റിമോട്ട് ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന കരയുദ്ധ വാഹനങ്ങൾ നാറ്റോ പരീക്ഷിക്കുന്നത്. കാനഡയുടെ നേതൃത്വത്തിലുള്ള ബഹുരാഷ്ട്ര സേനയും ലാത്വിയൻ സൈന്യവുമാണ് ഈ പരീക്ഷണങ്ങൾക്ക് പിന്നിൽ. ഇതുവരെ ആകാശത്ത് മാത്രം കണ്ടിരുന്ന ഡ്രോൺ യുദ്ധമുറകൾ ഇനി ഭൂമിയിലേക്കും വ്യാപിക്കുന്നു. ശത്രുക്കളുടെ നീക്കം നിരീക്ഷിക്കാനും, വെടിക്കോപ്പുകൾ എത്തിക്കാനും, പരിക്കേറ്റ സൈനികരെ മാറ്റാനും, നേരിട്ട് ആക്രമണം നടത്താനും ഈ ഗ്രൗണ്ട് ഡ്രോണുകൾ ഉപയോഗിക്കാം. യുക്രെയ്ൻ-റഷ്യ യുദ്ധത്തിൽ നിന്ന് ലഭിച്ച അനുഭവപാഠങ്ങളാണ് ഈ പുതിയ നീക്കത്തിന് ആധാരമെന്ന് ലാത്വിയൻ കമാൻഡർ ലഫ്റ്റനന്റ് കേണൽ ആൻഡ്രിസ് ബ്രൂവെറിസ് പറഞ്ഞു. മനുഷ്യജീവനേക്കാൾ വില കുറഞ്ഞതാണ് ഈ യന്ത്രങ്ങൾ എന്നതാണ് ഇതിന്റെ പ്രധാന ആകർഷണമെന്ന് ബ്രൂവെറിസ് വ്യക്തമാക്കി. കാനഡയിൽ നിന്നുള്ള സൈനികർ ഉൾപ്പെടെ ഏകദേശം 2,500 സൈനികരും 500-ഓളം യുദ്ധോപകരണങ്ങളുമാണ് ഈ അഭ്യാസത്തിൽ പങ്കെടുക്കുന്നത്. മെയ് 15 വരെയാണ് പരീക്ഷണങ്ങൾ തുടരുക.

അതേ സമയം സൈനികാഭ്യാസം പുരോഗമിക്കുന്നതിനിടെ ലാത്വിയയിൽ ഉണ്ടായ ഒരു ഡ്രോൺ അപകടം വലിയ ചർച്ചയായിരുന്നു. കഴിഞ്ഞയാഴ്ച യുക്രെയ്നിൽ നിന്നുള്ള രണ്ട് ആക്രമണ ഡ്രോണുകൾ ദിശതെറ്റി ലാത്വിയയിലെ എണ്ണ സംഭരണശാലയിൽ പതിച്ചിരുന്നു. ഇതിനെത്തുടർന്ന് ലാത്വിയൻ പ്രതിരോധ മന്ത്രി ആൻഡ്രിസ് സ്പ്രൂഡ്സിന് രാജി വെക്കേണ്ടി വന്നു. റഷ്യയുടെ ഇലക്ട്രോണിക് വാർഫെയർ സംവിധാനങ്ങൾ ഉപയോഗിച്ച് ഡ്രോണുകളെ വഴിതിരിച്ചുവിട്ടതാണെന്ന് യുക്രെയ്ൻ ആരോപിക്കുന്നു. എയർ ഡിഫൻസ് സംവിധാനങ്ങൾ വേഗത്തിൽ പ്രവർത്തിപ്പിക്കാത്തതിനാലാണ് മന്ത്രിക്കെതിരെ നടപടിയുണ്ടായത്. മനുഷ്യരില്ലാത്ത യുദ്ധമുഖംഎന്ന ലക്ഷ്യത്തിലേക്കാണ് ലോകം നീങ്ങുന്നതെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ആകാശ ഡ്രോണുകൾക്ക് പുറമെ കരയിലും കടലിനടിയിലും ഇത്തരം യന്ത്രങ്ങൾ സജീവമാകുന്നതോടെ യുദ്ധതന്ത്രങ്ങളിൽ വലിയ മാറ്റങ്ങൾ വരും.
കനേഡിയൻ സേനയും തങ്ങളുടെ നാവിക താവളങ്ങളിലും വ്യോമതാവളങ്ങളിലും ഡ്രോൺ വിരുദ്ധ സംവിധാനങ്ങൾ സ്ഥാപിച്ചു തുടങ്ങിയിട്ടുണ്ട്. ആധുനിക യുദ്ധസാഹചര്യങ്ങളെ നേരിടാൻ നാറ്റോ രാജ്യങ്ങൾ നടത്തുന്ന തയ്യാറെടുപ്പുകളുടെ ഭാഗമായാണ് ഈ നടപടികൾ.
