Friday, May 15, 2026

‘ബിൽ സി-22’ സുരക്ഷാബിൽ; പോരാട്ടം മുറുക്കി യു.എസും കനേഡിയൻ സർക്കാരും

ഓട്ടവ: ലിബറൽ സർക്കാർ കൊണ്ടുവന്ന പുതിയ സുരക്ഷാ ബില്ലായ ‘ബിൽ സി-22’യുമായി ബന്ധപ്പെട്ട്‌ പോരാട്ടം മുറുക്കി യു.എസും കനേഡിയൻ സർക്കാരും. ഡിജിറ്റൽ ലോകത്തെ കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ പെലീസിനും രഹസ്യാന്വേഷണ ഏജൻസികൾക്കും കൂടുതൽ അധികാരം നൽകുന്നതാണ് ഈ ബിൽ. എന്നാൽ ഇത് വ്യക്തി സ്വാതന്ത്ര്യ ത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ച് യു.എസിലെ പ്രമുഖ സാങ്കേതികവിദ്യ കമ്പനികളും രണ്ട് കോൺഗ്രസ് കമ്മിറ്റികളും കടുത്ത എതിർപ്പുമായി രംഗത്തെത്തി ക്കഴിഞ്ഞു. പൊലീസിനും കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസിനും (CSIS) ഡിജിറ്റൽ വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുക എന്നതാണ് ബില്ലിന്റെ ലക്ഷ്യം. ടെലികോം, ഇന്റർനെറ്റ്, സോഷ്യൽ മീഡിയ കമ്പനികൾ ഉപഭോക്താക്കളുടെ മെറ്റാഡാറ്റ (ആരൊക്കെ തമ്മിൽ ബന്ധപ്പെട്ടു, എവിടെയൊക്കെ യാത്ര ചെയ്തു തുടങ്ങിയ വിവരങ്ങൾ) ഒരു വർഷം വരെ സൂക്ഷിച്ചുവെക്കണം. കോടതി വാറന്റോടെ പൊലീസിന് ഈ വിവരങ്ങൾ പരിശോധിക്കാൻ കമ്പനികൾ സൗകര്യമൊരുക്കണം. കാനഡയിലെ പ്രമുഖ ഇന്റർനെറ്റ് നിയമവിദഗ്ദ്ധനായ പ്രൊഫ. മൈക്കൽ ഗീസ്റ്റ് ഇതിനെ വിശേഷിപ്പിച്ചത് ഒരു വലിയ നിരീക്ഷണ ഭൂപടം എന്നാണ്. ഈ ഡാറ്റാബേസ് ഹാക്കർമാർക്കും ശത്രുരാജ്യങ്ങൾക്കും ചോർത്താൻ എളുപ്പമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അമേരിക്കൻ ജനതയുടെ സുരക്ഷയെയും വിവരങ്ങളുടെ സ്വകാര്യതയെയും ഈ നിയമം ദോഷകരമായി ബാധിക്കുമെന്ന് യു.എസ്. ജുഡീഷ്യറി കമ്മിറ്റി ചെയർമാൻ ജിം ജോർദാൻ, ഫോറിൻ അഫയേഴ്സ് കമ്മിറ്റി തലവൻ ബ്രയാൻ മാസ്റ്റ് എന്നിവർ കനേഡിയൻ പബ്ലിക് സേഫ്റ്റി മന്ത്രിക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നു. കാനഡയിൽ പ്രവർത്തിക്കുന്ന അമേരിക്കൻ കമ്പനികൾ ഒന്നുകിൽ തങ്ങളുടെ ഉപഭോക്താക്കളുടെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്നും അല്ലെങ്കിൽ കനേഡിയൻ വിപണിയിൽ നിന്ന് പിന്മാറേണ്ടി വരുമെന്നും ഇത് യു.എസിന്റെ സാമ്പത്തിക-ദേശീയ സുരക്ഷാ താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണെന്നും യു.എസ്‌ കോൺഗ്രസ്‌ കമ്മിറ്റി അറിയിച്ചു. മാത്രമല്ല, ഉപഭോക്താക്കളുടെ ചാറ്റുകൾ പൂർണ്ണമായും സുരക്ഷി തമാക്കുന്ന ‘എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ’ തകർക്കാൻ ഈ ബിൽ കാരണമാകുമെന്ന് ‘മെറ്റാ’ പ്രതിനിധി റേച്ചൽ കുറൻ ആശങ്ക പ്രകടിപ്പിച്ചു.

ബിൽ നിലവിൽ വന്നാൽ കാനഡയിലെ പ്രവർത്തനം അവസാനിപ്പിക്കുമെന്ന് പ്രമുഖ മെസ്സേജിങ് ആപ്പായ ‘സിഗ്നലും തങ്ങളുടെ സ്വകാര്യതാ ഫീച്ചറുകൾ പിൻവലിക്കുമെന്ന് ആപ്പിളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ, കുറ്റകൃത്യങ്ങൾ തടയുന്നതിന് ഡിജിറ്റൽ തെളിവുകൾ അത്യന്താപേക്ഷി തമാണെന്ന് കനേഡിയൻ പോലീസ് മേധാവിമാരും ചൈൽഡ് പ്രൊട്ടക്ഷൻ സംഘടനകളും വാദിക്കുന്നു. ഇന്റർനെറ്റ് കമ്പനികൾ പലപ്പോഴും സഹകരി ക്കാത്തതിനാൽ ഡിജിറ്റൽ തെളിവുകൾ കൃത്യസമയത്ത് ലഭിക്കുന്നില്ലെന്ന് ഒന്റാരിയോ പ്രൊവിൻഷ്യൽ പൊലീസ് കമ്മീഷണർ തോമസ് കാരിക് പറഞ്ഞു. കുട്ടികൾക്കെതി രെയുള്ള അതിക്രമങ്ങൾ, മനുഷ്യക്കടത്ത്, കൊലപാതകങ്ങൾ തുടങ്ങിയവ അന്വേഷിക്കാൻ ഈ നിയമം അത്യാവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഓൺലൈൻ വഴി കുട്ടികളെ ചൂഷണം ചെയ്യുന്ന പല കേസുകളിലും തെളിവുകളുടെ അഭാവം മൂലം കുറ്റവാളികൾ രക്ഷപ്പെടുകയാണെന്നും കാനഡ ഒരു പരമാധികാര രാജ്യമെന്ന നിലയിൽ സ്വന്തം ജനങ്ങളുടെ സുരക്ഷയ്ക്കായി ഈ നിയമം നടപ്പിലാ ക്കണമെന്നും കനേഡിയൻ സെന്റർ ഫോർ ചൈൽഡ് പ്രൊട്ടക്ഷൻ ജനറൽ കൗൺസിൽ മോണിക് സെന്റ് ജെർമെയ്ൻ വ്യക്തമാക്കി. ബില്ലിനെക്കുറിച്ചുള്ള ആശങ്കകൾ കമ്പനികളുടെ തെറ്റിദ്ധാരണ മൂലമാണെന്ന് കനേഡിയൻ പബ്ലിക് സേഫ്റ്റി മന്ത്രി ഗാരി അനന്തസംഗരി അറിയിച്ചു. ഈ നിയമം വഴി ആരുടെയും എൻക്രിപ്ഷൻ സംവിധാനം തകർക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും, അമേരിക്ക ഉൾപ്പെടെയുള്ള മറ്റ് ‘ഫൈവ് ഐസ്’ രാജ്യങ്ങളിലും സമാനമായ സുരക്ഷാ നിയമങ്ങളുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. യു.എസ്. കോൺഗ്രസ് പ്രതിനിധികളെയും പൊതുജനങ്ങളെയും ബില്ലിലെ യഥാർത്ഥ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്താൻ കൂടുതൽ ചർച്ചകൾ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!