ഹാലിഫാക്സ്: നോവസ്കോഷയിൽ സ്വന്തമായി ഒരു ഫാമിലി ഡോക്ടറെ ആവശ്യമായിട്ടുള്ള ആളുകളുടെ എണ്ണത്തിൽ വീണ്ടും കുറവ് രേഖപ്പെടുത്തിയതായി നോവസേകോഷ ഹെൽത്ത് (NSH). വ്യാഴാഴ്ച പുറത്തുവിട്ട ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകൾ പ്രകാരം, മേയ് 1 വരെ ‘നീഡ് എ ഫാമിലി പ്രാക്ടീസ് രജിസ്ട്രി’യിൽ 60,193 പേരാണ് നിലവിലുള്ളത്. തൊട്ടുമുമ്പത്തെ മാസത്തിൽ ഈ കാത്തിരിപ്പ് പട്ടികയിൽ 61,947 പേരുണ്ടായിരുന്ന സ്ഥാനത്താണിത്. പുതിയ രജിസ്ട്രേഷനുകൾ, രോഗികളെ ഫാമിലി ഡോക്ടർമാരുമായോ നഴ്സ് പ്രാക്ടീഷണർമാരുമായോ ബന്ധിപ്പിക്കൽ, മറ്റ് കൃത്യമായ പുതുക്കലുകൾ എന്നിവയിലൂടെ ഒരു മാസത്തിനിടെ പട്ടികയിൽ നിന്നും 1,754 പേരുടെ കുറവാണ് രേഖപ്പെടുത്തിയത്.

ഈ കുറവോടെ നോവസ്കോഷയിലെ ആകെ ജനസംഖ്യയിൽ ഫാമിലി ഡോക്ടർക്കായി കാത്തിരിക്കുന്നവരുടെ നിരക്ക് 5.5 ശതമാനമായി താഴ്ന്നിട്ടുണ്ട്. പ്രാദേശിക ആരോഗ്യ സേവന മേഖലയിൽ ആളുകൾക്ക് ഡോക്ടർമാരെ ലഭ്യമാക്കുന്നതിൽ ഉണ്ടായ പുരോഗതിയാണ് ഇത് സൂചിപ്പിക്കുന്നത്. ഈ കാത്തിരിപ്പ് പട്ടികയുമായി ബന്ധപ്പെട്ട അടുത്ത വിവരശേഖരണ പുതുക്കൽ ജൂൺ മാസത്തിന്റെ തുടക്കത്തിൽ പുറത്തുവിടുമെന്നും നോവസ്കോഷ ഹെൽത്ത് അധികൃതർ വ്യക്തമാക്കി.
