Saturday, May 16, 2026

ക്ലിഫ് ഹൗസ് മോടി പിടിപ്പിക്കില്ല, അറ്റകുറ്റ പണികള്‍ മാത്രം മതി; നിര്‍ദേശം നല്‍കി വി ഡി സതീശന്‍

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് പുതിയൊരു ഭരണശൈലിക്ക് തുടക്കമാകുന്നു. ഔദ്യോഗിക വാഹനവ്യൂഹത്തില്‍ പൈലറ്റും എസ്‌കോര്‍ട്ടും ഒഴികെയുള്ള മറ്റ് അധിക വാഹനങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദേശിച്ചതിന് പിന്നാലെ, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് വന്‍തുക ചെലവഴിച്ച് മോടിപിടിപ്പിക്കേണ്ടതില്ലെന്ന നിര്‍ണായക തീരുമാനവും അദ്ദേഹം കൈക്കൊണ്ടു. സംസ്ഥാനത്തെ നിലവിലെ സാമ്പത്തിക സാഹചര്യം കണക്കിലെടുത്ത് ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് ഈ നടപടി. അടിയന്തരമായി ചെയ്യേണ്ട അറ്റകുറ്റപ്പണികള്‍ മാത്രം നടത്തിയാല്‍ മതിയെന്നാണ് വി.ഡി. സതീശന്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുള്ള കര്‍ശന നിര്‍ദേശം. മുഖ്യമന്ത്രിയുടെ വസതിക്ക് പുറമെ മറ്റ് മന്ത്രിമന്ദിരങ്ങളിലും കൂടുതല്‍ പണം ചെലവഴിച്ച് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

തന്റെ യാത്രാവേളകളില്‍ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും റോഡുകളില്‍ ഗതാഗതക്കുരുക്ക് ഉണ്ടാക്കരുതെന്നും നിയുക്ത മുഖ്യമന്ത്രി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു. വിഐപി സുരക്ഷയുടെ പേരില്‍ വഴിനീളെ റോഡ് ബ്ലോക്ക് ചെയ്യുന്ന പതിവ് രീതി ഇനി മുതല്‍ ഉണ്ടാകില്ല. പൈലറ്റ് വാഹനവും എസ്‌കോര്‍ട്ടും പോലും തനിക്ക് ആവശ്യമില്ലെന്ന കടുത്ത നിലപാട് വി.ഡി. സതീശന്‍ സ്വീകരിച്ചിരുന്നെങ്കിലും, മുഖ്യമന്ത്രിയുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തി പോലീസ് ഈ ആവശ്യം പൂര്‍ണ്ണമായി അംഗീകരിച്ചിട്ടില്ല. എങ്കിലും സുരക്ഷാ വ്യൂഹത്തിന്റെ വലിപ്പം പരമാവധി കുറയ്ക്കാനാണ് തീരുമാനം.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നവകേരള യാത്രയ്ക്ക് പിന്നാലെ മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷയും യാത്രാരീതികളും വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെടുകയും വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി കടന്നുപോകുന്ന സമയങ്ങളില്‍ മണിക്കൂറുകളോളം റോഡുകള്‍ തടയുന്നതും ട്രാഫിക് സിഗ്‌നലുകള്‍ ഓഫാക്കി പൊതുജനങ്ങളെ വഴിയില്‍ നിര്‍ത്തുന്നതും കടുത്ത ജനരോഷത്തിന് കാരണമായിരുന്നു. എന്നാല്‍ അധികാരമേല്‍ക്കുന്നതിന് തൊട്ടുമുമ്പ് തന്നെ ഈ വിഐപി സംസ്‌കാരത്തിന് മാറ്റം വരുത്തിക്കൊണ്ട് ജനകീയമായൊരു ശൈലി മുന്നോട്ടുവെക്കുകയാണ് വി.ഡി. സതീശന്‍.

കഴിഞ്ഞ ദിവസം സംസ്ഥാന പോലീസ് മേധാവിയും ക്രമസമാധാന ചുമതലയുള്ള എഡിജിപിയും വി.ഡി. സതീശനെ അദ്ദേഹത്തിന്റെ വസതിയിലെത്തി കണ്ടിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് തന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ എപ്രകാരമായിരിക്കണം എന്നതിനെക്കുറിച്ച് അദ്ദേഹം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായ നിര്‍ദേശം നല്‍കിയത്. ലളിതമായ യാത്രാരീതിയും ആഡംബരങ്ങള്‍ ഒഴിവാക്കിയുള്ള ഭരണസംവിധാനവും ജനങ്ങള്‍ക്കിടയില്‍ വലിയ തോതില്‍ സ്വാഗതം ചെയ്യപ്പെടുമെന്നാണ് വിലയിരുത്തല്‍.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!