നൂക്ക് (ഗ്രീൻലാൻഡ്): ഗ്രീൻലാൻഡിന്റെ സ്വയംഭരണാവകാശം വിട്ടുവീഴ്ചയോ ചർച്ചയോ ചെയ്യാൻ സാധിക്കുന്ന ഒന്നല്ലെന്ന് യു.എസ് പ്രതിനിധിയെ നേരിട്ട് അറിയിച്ച് ഗ്രീൻലാൻഡ് പ്രധാനമന്ത്രി ജെൻസ്-ഫ്രെഡറിക് നീൽസൺ. ആർട്ടിക് മേഖലയിലെ ഈ പ്രദേശത്തിന്മേൽ യു.എസ് നിയന്ത്രണം സ്ഥാപിക്കണമെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആവർത്തിച്ചുള്ള ആവശ്യങ്ങൾക്കിടയിലാണ് ലൂസിയാന ഗവർണറും ട്രംപിന്റെ പ്രത്യേക പ്രതിനിധിയുമായ ജെഫ് ലാൻഡ്രിയുമായി ഗ്രീൻലാൻഡ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയത്. സൗഹാർദപരമായ അന്തരീക്ഷത്തിലാണ് കൂടിക്കാഴ്ച നടന്നതെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി നീൽസൺ, എന്നാൽ രാജ്യത്തിന്റെ പരമാധികാരത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി. “ഗ്രീൻലാൻഡിലെ ജനങ്ങളെ വിലയ്ക്ക് വാങ്ങാൻ കഴിയില്ല. ഞങ്ങളുടെ സ്വയംഭരണാവകാശം മറ്റാരുമായും ചർച്ച ചെയ്യാവുന്ന ഒന്നുമല്ല,” ഡാനിഷ് മാധ്യമമായ ടിവി 2-നോട് അദ്ദേഹം പറഞ്ഞു. എന്നാൽ യു.എസുമായുള്ള നല്ല രീതിയിലുള്ള സഹകരണമാണ് രാജ്യം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാറ്റോ സഖ്യകക്ഷിയായ ഡെന്മാർക്കിന്റെ കീഴിലുള്ള ഒരു അർദ്ധ-സ്വയംഭരണ പ്രദേശമാണ് ഗ്രീൻലാൻഡ്. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി ഗ്രീൻലാൻഡ് അമേരിക്കയുടെ നിയന്ത്രണത്തിലാക്കണമെന്ന് ട്രംപ് മുൻപും ആവശ്യപ്പെട്ടിരുന്നു. റഷ്യയോ ചൈനയോ ഗ്രീൻലാൻഡ് കൈക്കലാക്കാൻ സാധ്യതയുണ്ടെന്നാണ് ട്രംപിന്റെ വാദം.

എന്നാൽ പ്രാദേശിക സുരക്ഷാ വിദഗ്ധർ ഈ വാദങ്ങളെ പൂർണ്ണമായും തള്ളിക്കളഞ്ഞിരുന്നു. അതേ സമയം സാധ്യമായത്ര സുഹൃത്തുക്കളെ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രംപ് തന്നെ ഇങ്ങോട്ട് അയച്ചതെന്ന് ഞായറാഴ്ച ഗ്രീൻലാൻഡിലെത്തിയ യു.എസ് പ്രതിനിധി ജെഫ് ലാൻഡ്രി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. യു.എസിന്റെ ആവശ്യങ്ങളും നിലവിലെ തർക്കങ്ങളും പരിഹരിക്കുന്നതിനായി യു.എസ്, ഗ്രീൻലാൻഡ്, ഡെന്മാർക്ക് എന്നിവർ ഉൾപ്പെടുന്ന ഒരു സംയുക്ത വർക്കിംഗ് ഗ്രൂപ്പ് നിലവിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഗ്രീൻലാൻഡ് വിദേശകാര്യ മന്ത്രി മൂട്ടെ ബി. എഗെഡെ വ്യക്തമാക്കി. അമേരിക്കയുമായുള്ള സഹകരണത്തിന് തങ്ങൾ ഒരിക്കലും തടസ്സം നിന്നിട്ടില്ലെന്നും, ഈ വർക്കിംഗ് ഗ്രൂപ്പിന്റെ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിനിധി സംഘത്തോടൊപ്പമുള്ള ഡെന്മാർക്കിലെ യു.എസ് അംബാസഡർ കെൻ ഹൗറി, ഗ്രീൻലാൻഡ് തലസ്ഥാനമായ നൂക്കിൽ യു.എസ് കോൺസുലേറ്റിന്റെ പുതിയ ഓഫീസുകൾ ഉദ്ഘാടനം ചെയ്യും. തുടർന്ന് ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി നടക്കുന്ന ബിസിനസ്സ് ഫെയറിലും യു.എസ് സംഘം പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.
