Wednesday, May 20, 2026

പ്രധാനമന്ത്രി മോദിയെ പാമ്പാട്ടിയായി ചിത്രീകരിച്ച് നോര്‍വീജിയന്‍ പത്രം; വംശീയ അധിക്ഷേപമെന്ന് കടുത്ത വിമര്‍ശനം

ഓസ്ലോ: അഞ്ച് രാജ്യങ്ങളുടെ ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി നോര്‍വേയിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വംശീയമായി അധിക്ഷേപിക്കുന്ന തരത്തില്‍ നോര്‍വേയിലെ പ്രമുഖ പത്രം കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത് അന്താരാഷ്ട്ര തലത്തില്‍ വലിയ വിവാദത്തിന് വഴിതുറന്നു. നോര്‍വേയിലെ ഏറ്റവും വലിയ ബ്രോഡ്ഷീറ്റ് ദിനപത്രമായ ‘ആഫ്റ്റന്‍പോസ്റ്റന്‍’ (Aftenposten) ആണ് പ്രധാനമന്ത്രിയെ ഒരു ‘സപേര’ (പാമ്പാട്ടി) ആയി ചിത്രീകരിച്ചുകൊണ്ടുള്ള വിവാദ കാര്‍ട്ടൂണ്‍ പുറത്തുവിട്ടത്. പാശ്ചാത്യ രാജ്യങ്ങള്‍ ഇപ്പോഴും പഴയ കൊളോണിയല്‍ മനോഭാവവും വംശീയമായ മുന്‍വിധികളും (Xenophobic) വച്ചുപുലര്‍ത്തുകയാണെന്ന കടുത്ത ആക്ഷേപം ഇതോടെ ശക്തമായിട്ടുണ്ട്. ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് നോര്‍വീജിയന്‍ മാധ്യമപ്രവര്‍ത്തക ഉന്നയിച്ച ചോദ്യവും അതിന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നല്‍കിയ മറുപടിയും ഉയര്‍ത്തിയ തര്‍ക്കങ്ങള്‍ക്കിടയിലാണ് പുതിയ വിവാദവും ഉടലെടുത്തത്.

പത്രത്തില്‍ പ്രസിദ്ധീകരിച്ച ‘ചതുരനും നേരിയ തോതില്‍ അലോസരപ്പെടുത്തുന്നവനുമായ മനുഷ്യന്‍’ (A clever and slightly annoying man) എന്ന ഒപീനിയന്‍ ലേഖനത്തോടൊപ്പമാണ് ഈ ചിത്രം നല്‍കിയിരിക്കുന്നത്. റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെയും വിദേശനയങ്ങളെയും കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നതാണ് ഈ ലേഖനം. കാര്‍ട്ടൂണില്‍ പ്രധാനമന്ത്രി മോദി നിലത്തിരുന്ന് മകുടം ഊതുന്നതായും, ഒരു കൊട്ടയില്‍ നിന്ന് പാമ്പിന് പകരം പെട്രോള്‍ പമ്പിലെ ഇന്ധനം നിറയ്ക്കുന്ന പൈപ്പ് പുറത്തേക്ക് വരുന്നതുമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഈ കാര്‍ട്ടൂണ്‍ പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ വന്‍തോതിലുള്ള പ്രതിഷേധമാണ് ഉയര്‍ന്നത്. ഇത് വെറുമൊരു മാധ്യമവിമര്‍ശനമല്ലെന്നും പൂര്‍ണ്ണമായും വംശീയ വിദ്വേഷം നിറഞ്ഞതാണെന്നും നിരവധി പേര്‍ കുറ്റപ്പെടുത്തി. 1.4 ബില്യണ്‍ ജനങ്ങള്‍ ജനാധിപത്യപരമായി തിരഞ്ഞെടുത്ത ഒരു രാജ്യത്തിന്റെ തലവനെ ഇത്തരത്തില്‍ അപകീര്‍ത്തിപ്പെടുത്തുന്നത് മാധ്യമ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്നും, ഇന്ത്യയെ ഇപ്പോഴും പാമ്പാട്ടികളുടെ നാടായി കാണുന്ന കൊളോണിയല്‍ ചിന്താഗതിയാണ് പത്രം പുറത്തെടുത്തതെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു.

പണ്ട് ലോകം ഇന്ത്യയെ പാമ്പാട്ടികളുടെ നാടായി കണ്ടിരുന്നെന്നും എന്നാല്‍ ഇന്ന് രാജ്യം കമ്പ്യൂട്ടര്‍ മൗസ് ഉപയോഗിച്ച് വിസ്മയം തീര്‍ക്കുന്ന ‘മൗസ് ചാര്‍മര്‍മാരുടെ’ നാടായി മാറിയെന്നും മുന്‍പ് പ്രധാനമന്ത്രി മോദി യു.എസിലെ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് നോര്‍വീജിയന്‍ പത്രത്തിനെതിരെ ഡിജിറ്റല്‍ ലോകത്ത് കടുത്ത പ്രതികരണങ്ങള്‍ വരുന്നത്. സമാനമായ രീതിയില്‍ 2022-ല്‍ ഒരു സ്പാനിഷ് പത്രവും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ ചിത്രീകരിക്കാന്‍ പാമ്പാട്ടിയുടെ പ്രതീകം ഉപയോഗിച്ചത് വലിയ വിവാദമായിരുന്നു.

നോര്‍വേ പ്രധാനമന്ത്രി ജോനാസ് ഗഹര്‍ സ്റ്റോറുമായുള്ള സംയുക്ത വാര്‍ത്താസമ്മേളനത്തിന് ശേഷം പ്രധാനമന്ത്രി മോദി മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ മടങ്ങിയതിനെത്തുടര്‍ന്നാണ് നോര്‍വേയില്‍ ആദ്യ തര്‍ക്കങ്ങള്‍ ആരംഭിച്ചത്. ‘ഡാഗ്‌സാവിസെന്‍’ (Dagsavisen) എന്ന പ്രാദേശിക പത്രത്തിലെ മാധ്യമപ്രവര്‍ത്തകയായ ഹെല്ലെ ലിംഗ്, ‘ലോകത്തിലെ ഏറ്റവും സ്വാതന്ത്ര്യമുള്ള മാധ്യമങ്ങളില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് എന്തുകൊണ്ട് താങ്കള്‍ മറുപടി നല്‍കുന്നില്ല?’ എന്ന് ഉച്ചത്തില്‍ ചോദിച്ചിരുന്നു. ഇതിന്റെ വീഡിയോ അവര്‍ എക്‌സില്‍ പങ്കുവെച്ചതോടെയാണ് ചര്‍ച്ചകള്‍ അന്താരാഷ്ട്ര തലത്തിലേക്ക് വ്യാപിച്ചത്. നിലവില്‍ ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ നോര്‍വേ ഒന്നാം സ്ഥാനത്തും ഇന്ത്യ 157-ാം സ്ഥാനത്തുമാണ്.

ഇതിന് പിന്നാലെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നടത്തിയ പ്രത്യേക വാര്‍ത്താസമ്മേളനത്തില്‍ ഹെല്ലെ ലിംഗ് ഇതേക്കുറിച്ച് വീണ്ടും ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി (വെസ്റ്റ്) സിബി ജോര്‍ജ് ശക്തമായ ഭാഷയിലാണ് മറുപടി നല്‍കിയത്. ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥയെയും മാധ്യമങ്ങളുടെ വ്യാപ്തിയെയും കുറിച്ച് ധാരണയില്ലാത്ത ചില എന്‍.ജി.ഒകളുടെ (NGO) റിപ്പോര്‍ട്ടുകള്‍ മാത്രം വായിച്ചാണ് വിദേശ മാധ്യമങ്ങള്‍ ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഡല്‍ഹിയില്‍ മാത്രം ഇംഗ്ലീഷിലും ഹിന്ദിയിലും മറ്റ് പ്രാദേശിക ഭാഷകളിലുമായി ഇരുനൂറിലധികം വാര്‍ത്താ ചാനലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇന്ത്യയുടെ വലുപ്പത്തെയും സങ്കീര്‍ണ്ണതയെയും കുറിച്ച് വിദേശത്തുള്ളവര്‍ക്ക് കൃത്യമായ ധാരണയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യന്‍ ഭരണഘടന എല്ലാ പൗരന്മാര്‍ക്കും മാധ്യമങ്ങള്‍ക്കും മൗലികാവകാശങ്ങളും നിയമപരമായ സുരക്ഷയും ഉറപ്പുനല്‍കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!