Friday, May 22, 2026

”മാതൃത്വം ആഘോഷിക്കപ്പെടുന്ന രാജ്യം, പ്രതികാരബുദ്ധി വേണ്ട; വിനേഷ് ഫോഗട്ട് മത്സരിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം’’: കേന്ദ്രത്തിന് കർശനനിർദേശം

ന്യൂഡൽഹി: ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ ആഭ്യന്തര മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽ ‘അയോഗ്യയായി’ പ്രഖ്യാപിച്ച റസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് ഡൽഹി ഹൈക്കോടതി. താരത്തിന്റെ ശാരീരികക്ഷമത വിലയിരുത്താൻ ഒരു വിദഗ്ധ സമിതി രൂപീകരിക്കാൻ കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു. പ്രശസ്തരായ കായികതാരങ്ങൾക്ക് മത്സരങ്ങളിൽ പങ്കെടുക്കാൻ അനുമതി നൽകിയിരുന്ന മുൻകാല രീതികളിൽ നിന്ന് ഫെഡറേഷൻ മാറിയതിൽ നിന്നും തന്നെ കാര്യങ്ങൾ മനസിലാകുന്നുണ്ടെന്ന്‌ ചീഫ് ജസ്റ്റിസ് ഡി. കെ. ഉപാധ്യായ, ജസ്റ്റിസ് തേജ്സ് കരിയ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. പ്രസവ അവധിക്ക് ശേഷം കരിയറിലേക്ക് മടങ്ങിവരാൻ ആഗ്രഹിക്കുന്ന വിനേഷ് ഫോഗട്ടിനെ വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസ് സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ അനുവദിക്കുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ ഉറപ്പാക്കുകയും വേണം. രാജ്യത്ത് മാതൃത്വം ആഘോഷിക്കപ്പെടുന്ന ഒന്നാണെന്നും ഫെഡറേഷൻ പ്രതികാര ബുദ്ധിയോടെ പെരുമാറരുതെന്നും ബെഞ്ച് ഊന്നിപ്പറഞ്ഞു. ചില പ്രത്യേക സാഹചര്യങ്ങളിൽ യോഗ്യതാ മാനദണ്ഡങ്ങളിൽ ഇളവ് നൽകാൻ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായി) ചട്ടങ്ങൾ അനുവദിക്കുന്നുണ്ടെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചതിനെ തുടർന്നാണ്, വിനേഷ് ഫോഗട്ടിനെ പരിശോധിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കാൻ കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടത്. ‘‘അവരുടെ സാധ്യതകൾ വിലയിരുത്താൻ വിദഗ്ധരോട് ആവശ്യപ്പെടുക. അവൾ പങ്കെടുക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.’’– കോടതി വാക്കാൽ പറഞ്ഞു.

ഈ വർഷത്തെ ഏഷ്യൻ ഗെയിംസിനായി മേയ് 30-31 തീയതികളിൽ നടക്കുന്ന സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കുന്ന കാര്യത്തിൽ ഉടൻ വിധി പറയാൻ വിസമ്മതിച്ച സിംഗിൾ ബെഞ്ചിന്റെ മേയ് 18ലെ ഉത്തരവിനെതിരെ വിനേഷ് ഫോഗട്ട് നൽകിയ അപ്പീലാണ് കോടതി പരിഗണിച്ചത്. ഡബ്ല്യുഎഫ്ഐ അയോഗ്യയായി പ്രഖ്യാപിച്ചെങ്കിലും ട്രയൽസിൽ പങ്കെടുക്കാൻ അനുവദിക്കണമെന്നായിരുന്നു ആവശ്യം. ട്രയൽസിൽ പങ്കെടുക്കാൻ വിനേ് ഫോഗട്ടിന് അവസരം നൽകണമെന്ന് താരത്തിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെട്ടു. 2024 പാരിസ് ഒളിംപിക്സിനിടെ ശരീരഭാരം കൂടിയതായി കണ്ടെത്തി അയോഗ്യയാക്കപ്പെട്ടതിനു പിന്നാലെയാണ് കരിയർ അവസാനിപ്പിക്കാൻ വിനേഷ്‌ തീരുമാനിച്ചത്‌. എന്നാൽ 2028ലെ ലൊസാഞ്ചലസ് ഒളിംപിക്സിൽ പങ്കെടുക്കാൻ വിരമിക്കൽ തീരുമാനം പിൻവലിച്ച് തയാറെടുക്കുമെന്നു കഴിഞ്ഞ ഡിസംബറിൽ വിനേഷ് ഫോഗട്ട് വ്യക്തമാക്കി. ഇതിനിടെ കോൺഗ്രസ് ടിക്കറ്റിൽ ഹരിയാന നിയമസഭയിലേക്കു മത്സരിച്ച വിനേഷ്, ജുലാന മണ്ഡലത്തിൽനിന്ന് 6,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു. ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റ് ബ്രിജ് ഭൂഷനെതിരെ ലൈംഗികപീഡന പരാതി നൽകിയ 6 വനിതാ താരങ്ങളിൽ ഒരാൾ താനാണെന്ന വിനേഷിന്റെ വെളിപ്പെടുത്തൽ ഈയിടെ വിവാദമായിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!