Saturday, May 23, 2026

ഗ്രീന്‍കാര്‍ഡിന് പുതിയ നിബന്ധനയുമായി അമേരിക്ക; കുടിയേറ്റക്കാര്‍ സ്വന്തം രാജ്യങ്ങളിലെത്തിയശേഷം അപേക്ഷിക്കണമെന്ന് ട്രംപ്

വാഷിങ്ടണ്‍: വിദേശ പൗരന്മാര്‍ക്ക് സ്ഥിര താമസാവകാശം ഉറപ്പാക്കുന്ന ഗ്രീന്‍കാര്‍ഡ് അനുവദിക്കുന്നതിന് കടുത്ത നിബന്ധനകളുമായി അമേരിക്കന്‍ ഭരണകൂടം. അമേരിക്കയില്‍ താല്‍ക്കാലിക വീസകളില്‍ കഴിയുന്ന വിദേശികള്‍ ഗ്രീന്‍ കാര്‍ഡിനായി ഇനി മുതല്‍ തങ്ങളുടെ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിയ ശേഷം അവിടെയുള്ള യുഎസ് കോണ്‍സുലേറ്റുകള്‍ വഴി മാത്രമേ അപേക്ഷിക്കാവൂ എന്ന് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (USCIS) പുറപ്പെടുവിച്ച പുതിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. ആയിരക്കണക്കിന് ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വലിയ തിരിച്ചടിയാകുന്നതാണ് ട്രംപ് ഭരണകൂടത്തിന്റെ ഈ പുതിയ നീക്കം.

അമേരിക്കന്‍ പൗരത്വമില്ലാതെ തന്നെ രാജ്യത്ത് എവിടെ വേണമെങ്കിലും സ്ഥിരമായി താമസിക്കാനും ഇഷ്ടമുള്ള ജോലി ചെയ്യാനും യാത്ര ചെയ്യാനുമൊക്കെയുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം വാഗ്ദാനം ചെയ്യുന്നതാണ് ഗ്രീന്‍ കാര്‍ഡ് അഥവാ പെര്‍മനന്റ് റസിഡന്റ് കാര്‍ഡ്. ഇതുവരെ എച്ച്-1ബി, എല്‍-1 തുടങ്ങിയ താല്‍ക്കാലിക വീസകളില്‍ അമേരിക്കയില്‍ ജോലി ചെയ്യുന്നവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും രാജ്യത്ത് തുടര്‍ന്നുകൊണ്ട് തന്നെ ഗ്രീന്‍ കാര്‍ഡിനായി അപേക്ഷിക്കാനും സ്റ്റാറ്റസ് മാറ്റം വരുത്താനും സാധിക്കുമായിരുന്നു. എന്നാല്‍ പുതിയ ഉത്തരവോടെ ഈ ആനുകൂല്യം ഭൂരിഭാഗം പേര്‍ക്കും നഷ്ടമാകും.

അതേസമയം, അസാധാരണമായ പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമേ രാജ്യത്തിനകത്ത് നിന്നുള്ള അപേക്ഷകള്‍ ഇനി പരിഗണിക്കൂ എന്ന് ഇമിഗ്രേഷന്‍ സര്‍വീസസ് വ്യക്തമാക്കിയിട്ടുണ്ട്. എച്ച്-1ബി പോലുള്ള ഇരട്ട ഉദ്ദേശ്യ വീസകളില്‍ ഉള്ളവര്‍ക്ക് ചില ഇളവുകള്‍ക്ക് സാധ്യതയുണ്ടെന്ന് സൂചനയുണ്ടെങ്കിലും, ഓരോ അപേക്ഷയും കര്‍ശനമായ വ്യക്തിഗത പരിശോധനകള്‍ക്ക് ശേഷമേ ഉദ്യോഗസ്ഥര്‍ അനുവദിച്ച് നല്‍കൂ. രാജ്യത്തെ ഇമിഗ്രേഷന്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയാനും വീസ കാലാവധി കഴിഞ്ഞും നിയമവിരുദ്ധമായി രാജ്യത്ത് തുടരുന്ന പ്രവണത ഇല്ലാതാക്കാനുമാണ് പുതിയ നിയന്ത്രണമെന്നാണ് യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റി വിഭാഗം വ്യക്തമാക്കുന്നത്.

ട്രംപ് വീണ്ടും പ്രസിഡന്റായി അധികാരമേറ്റ ശേഷം അമേരിക്കയുടെ കുടിയേറ്റ നയങ്ങളില്‍ കൊണ്ടുവരുന്ന ഏറ്റവും വലിയ പരിഷ്‌കാരങ്ങളിലൊന്നാണിത്. താല്‍ക്കാലിക വീസകളെ ഗ്രീന്‍ കാര്‍ഡിലേക്കുള്ള എളുപ്പവഴിയായി ഉപയോഗിക്കുന്നത് തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിലവില്‍ വിവിധ വിദേശ രാജ്യങ്ങളിലെ യുഎസ് കോണ്‍സുലേറ്റുകളില്‍ വീസ അപ്പോയിന്റ്‌മെന്റുകള്‍ക്കായി മാസങ്ങളോളം കാത്തിരിക്കേണ്ട സാഹചര്യമുണ്ട്. അതിനാല്‍ പുതിയ നിയമം മൂലം ഗ്രീന്‍ കാര്‍ഡിനായി നാട്ടിലേക്ക് മടങ്ങേണ്ടി വരുന്നവര്‍ക്ക് ദീര്‍ഘകാലം വിദേശത്ത് കുടുങ്ങിക്കിടക്കേണ്ടി വരുമെന്നും ഇത് കുടുംബങ്ങളുടെ വേര്‍പിരിയലിന് കാരണമാകുമെന്നും ഇമിഗ്രേഷന്‍ വിദഗ്ദ്ധരും സംഘടനകളും കടുത്ത ആശങ്ക രേഖപ്പെടുത്തുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!