ഓട്ടവ: കാനഡയിൽ നിന്ന് വേർപിരിയുന്നതിനെക്കുറിച്ച് ഭാവിയിൽ ഒരു ജനഹിതപരിശോധന നടത്തണോ വേണ്ടയോ എന്നതുമായി ബന്ധപ്പെട്ട് ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത് ഉയർത്തുന്ന റെഫറണ്ടം ചോദ്യം തികച്ചും ‘അപകടകരമായ ഒരു തട്ടിപ്പാണെന്ന്’ പ്രധാനമന്ത്രി മാർക്ക് കാർണി. ഇത്തരം വോട്ടെടുപ്പുകൾ രാജ്യത്തിന് ഗുണം ചെയ്യില്ലെന്നും നേരത്തെ ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുപോയത് പോലുള്ള വലിയ തിരിച്ചടികൾക്ക് ഇത് കാരണമായേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഓട്ടവയിൽ ഭവനപദ്ധതിയുമായി ബന്ധപ്പെട്ട ഒരു വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഭിന്നിപ്പ് ഉണ്ടാക്കുന്ന വോട്ടെടുപ്പിൽ നിന്ന് പിന്മാറാൻ ഡാനിയേൽ സ്മിത്തിനോട് ആവശ്യപ്പെട്ടിരുന്നോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, “പ്രീമിയർ എപ്പോഴും എന്റെ ഉപദേശങ്ങൾ സ്വീകരിക്കാറില്ല” എന്നായിരുന്നു കാർണിയുടെ മറുപടി. കഴിഞ്ഞ പ്രവിശ്യാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ യുണൈറ്റഡ് കൺസർവേറ്റീവ് പാർട്ടിയുടെയോ (UCP) പ്രതിപക്ഷത്തിന്റെയോ വാഗ്ദാനങ്ങളിലോ പ്രകടനപത്രികയിലോ ഇങ്ങനെയൊരു ജനഹിതപരിശോധനയെക്കുറിച്ച് സൂചന പോലും ഉണ്ടായിരുന്നില്ലെന്നും കാർണി ചൂണ്ടിക്കാട്ടി. മുൻപ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആയിരുന്ന സമയത്ത് ബ്രെക്സിറ്റിന്റെ പ്രത്യാഘാതങ്ങൾ നേരിട്ട് കണ്ട ആളാണ് താനെന്ന് മാർക്ക് കാർണി പറഞ്ഞു. ഇത്തരം ജനഹിതപരിശോധനകൾ നിയന്ത്രണാതീതമായി കൈവിട്ടുപോകാൻ സാധ്യതയുണ്ട്. “ഇതിനനുകൂലമായി വോട്ട് ചെയ്താൽ ഭാവിയിൽ കേന്ദ്ര സർക്കാരുമായുള്ള ചർച്ചകളിൽ പ്രവിശ്യയ്ക്ക് കൂടുതൽ കരുത്ത് ലഭിക്കുമെന്നാണ് ചിലർ വാദിക്കുന്നത്. എന്നാൽ അത് വലിയൊരു ചതിക്കുഴിയാണ്. ബ്രിട്ടൻ ഇന്നും അതിന്റെ പ്രത്യാഘാതങ്ങളിൽ നിന്ന് കരകയറാൻ ശ്രമിക്കുകയാണ്,” അദ്ദേഹം വ്യക്തമാക്കി. 1995-ലെ കെബെക്ക് റെഫറണ്ടവും നമുക്കൊരു പാഠമാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേ സമയം ആൽബർട്ട റെഫറണ്ടത്തിനായി മുന്നോട്ടുവച്ച ചോദ്യം കാനഡയുടെ ‘ക്ലാരിറ്റി ആക്റ്റ്’ ലംഘിക്കുന്നുണ്ടോ എന്ന് ഫെഡറൽ സർക്കാർ പരിശോധിച്ചുവരികയാണ്. ഈ നിയമപ്രകാരം ഒരു പ്രവിശ്യ മുന്നോട്ട് വെക്കുന്ന റെഫറണ്ടത്തിലെ ചോദ്യം വ്യക്തമാണോ എന്ന് തീരുമാനിക്കാനുള്ള അധികാരം പാർലമെന്റിനാണ്. ചോദ്യത്തിൽ വ്യക്തതക്കുറ വുണ്ടെങ്കിൽ പാർലമെന്റ് അതിൽ ഇടപെടും. കാനഡ ഒന്നിച്ചുനിൽക്കുമ്പോഴാണ് കൂടുതൽ ശക്തമാകുന്നതെന്നും, രാജ്യം വിഭജിക്കാനുള്ള ഏത് നീക്കത്തിനും എതിരെ താൻ സജീവ മായി രംഗത്തിറങ്ങുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. കാനഡ പെൻഷൻ പ്ലാൻ, ആരോഗ്യ പരിരക്ഷാ ആനുകൂല്യങ്ങൾ, ചൈൽഡ് കെയർ തുടങ്ങിയ ഫെഡറൽ ആനുകൂല്യങ്ങൾ ചൂണ്ടിക്കാണിച്ച അദ്ദേഹം, കനേഡിയൻ ജനത പ്രതിസന്ധികളിൽ പരസ്പരം ഒപ്പം നിൽക്കുന്നവരാണെന്നും ഒന്നിച്ച് മുന്നോട്ട് പോകുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.
