തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയൻ്റെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിൽ നടന്ന ഇ ഡി പരിശോധന പൂര്‍ത്തിയായി. പരിശോധന പൂർത്തിയാക്കി ഉദ്യോഗസ്ഥർ പുറത്തേക്ക് ഇറങ്ങിയപ്പോൾ വൻ സംഘർഷമുണ്ടായി. സ്ത്രീകൾ അടക്കമുള്ള ഇ ഡി ഉദ്യോഗസ്ഥരുടെ 3 വാഹനങ്ങളും സിപിഎം പ്രവർത്തകർ അടിച്ചുതകർത്തു .
കാറിന്റെ ഡ്രൈവർക്ക് കണ്ണിന് പരുക്കേറ്റു. പരുക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് ലാത്തി വീശിയാണ് പ്രതിഷേധക്കാരെ നേരിട്ടത്. പൊലീസും പ്രവര്‍ത്തകരും തമ്മിൽ സംഘര്‍ഷമുണ്ടായി.

പരിശോധനയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച പിണറായി വിജയൻ, “ഇത് ഒരു തുടക്കം മാത്രമാണ്. ഇത്തരം നടപടികൾ കൊണ്ട് തളർത്തിക്കളയാമെന്ന് ആരും വ്യാമോഹിക്കേണ്ടതില്ല,” എന്ന് പറഞ്ഞു. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് ഇ ഡി നടപടി നടക്കുന്നതെന്നും സംസ്ഥാന സർക്കാർ വിഷയത്തിൽ മൗനം പാലിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
സംഭവത്തെ തുടർന്ന് ബേക്കറി ജംഗ്ഷൻ പ്രദേശത്ത് ഏറെ നേരം സംഘർഷാവസ്ഥ തുടരുകയായിരുന്നു. സുരക്ഷ ശക്തമാക്കിയ പൊലീസ് സ്ഥലത്ത് കൂടുതൽ സേനയെ വിന്യസിച്ചു.
