Saturday, May 30, 2026

തീരാതെ വിവാദങ്ങൾ, യു.എസ്‌ റാപ്പർമാരായ കാന്യേ വെസ്‌റ്റ്‌; ട്രാവിസ് സ്കോട്ട്‌ സംഗീത പരിപാ‌ടികൾക്ക്‌ നിരോധനവുമായി ഇറ്റലി

റോം: ആവർത്തിച്ചുള്ള വിവാദങ്ങളെയും സുരക്ഷാ ആശങ്കകളെയും തുടർന്ന് പ്രമുഖ അമേരിക്കൻ റാപ്പർമാരായ കാന്യേ വെസ്റ്റിന്റെയും ട്രാവിസ് സ്കോട്ടിന്റെയും സംഗീത പരിപാടികൾക്ക് ഇറ്റലിയിൽ നിരോധനം. വടക്കൻ ഇറ്റാലിയൻ നഗരമായ റെജിയോ എമിലിയയിൽ ജൂലൈ മാസത്തിൽ നടക്കാനിരുന്ന കൺസേർട്ടുകളാണ് പൊതുജന സുരക്ഷയും ക്രമസമാധാന പ്രശ്നങ്ങളും മുൻനിർത്തി അധികൃതർ റദ്ദാക്കിയത്. ജൂലൈ 17-ന് ആർ.സി.എഫ് അരീനയിൽ നടക്കാനിരുന്ന ‘പൾസ് ഓഫ് ഗയ’ ഫെസ്റ്റിവലിൽ ട്രാവിസ് സ്കോട്ടും, തൊട്ടടുത്ത ദിവസം കാന്യേ വെസ്റ്റും പെർഫോം ചെയ്യാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ തുടർച്ചയായ ദിവസങ്ങളിൽ ലക്ഷക്കണക്കിന് ആളുകൾ തടിച്ചുകൂടുന്നത് ഉണ്ടാക്കാവുന്ന സുരക്ഷാ പ്രശ്നങ്ങളും പ്രതിഷേധങ്ങൾക്കുള്ള സാധ്യതയും കണക്കിലെടുത്താണ് പ്രാദേശിക പ്രെഫക്റ്റ് സാൽവത്തോറെ ആഞ്ചിയേരി പരിപാടികൾക്ക് വിലക്കേർപ്പെടുത്തിയത്. യഹൂദ വിരുദ്ധ പരാമർശങ്ങളുടെ പേരിൽ യൂറോപ്പിലുടനീളം കാന്യേ വെസ്റ്റിന് വലിയ രീതിയിലുള്ള റദ്ദാക്കലുകൾ നേരിടേണ്ടി വരുന്നുണ്ട്. ബ്രിട്ടൻ അദ്ദേഹത്തിന് രാജ്യത്തേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്ന് ലണ്ടൻ മ്യൂസിക് ഫെസ്റ്റിവൽ റദ്ദാക്കിയിരുന്നു.

ഫ്രാൻസ്, പോളണ്ട്, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളിലെ പരിപാടികളും ഇതേ തുടർന്ന് റദ്ദാക്കപ്പെട്ടിട്ടുണ്ട്. അതേസമയം, 2021-ൽ ടെക്സാസിലെ ‘ആസ്ട്രോവേൾഡ്’ ഫെസ്റ്റിവലിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 10 പേർ മരിക്കാനിടയായ സംഭവത്തെ തുടർന്നാണ് ട്രാവിസ് സ്കോട്ടിന്റെ കൺസേർട്ടുകൾ കടുത്ത സുരക്ഷാ പരിശോധനകൾക്ക് വിധേയമാകുന്നത്. ഇറ്റലിയിലെ ഉപഭോക്തൃ സംഘടനയായ CODACONS, പ്രാദേശിക യഹൂദ സംഘടനകൾ എന്നിവർ നൽകിയ പരാതികളുടെ കൂടി അടിസ്ഥാനത്തിലാണ് ഈ അടിയന്തര നടപടി. നിലവിൽ ഈ നിരോധനത്തോട് കാന്യേ വെസ്റ്റോ ട്രാവിസ് സ്കോട്ടോ പ്രതികരിച്ചിട്ടില്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!