Friday, June 5, 2026

കാട്ടുതീ പടരുന്നു: മട്ടഗാമി ഫസ്റ്റ് നേഷന്‍ ജനങ്ങളെ അടിയന്തരമായി ഒഴിപ്പിച്ചു

ബാരി: വടക്കന്‍ ഒന്റാരിയോയില്‍ കാട്ടുതീ അതിവേഗം പടരുന്നതിനെ തുടര്‍ന്ന് മട്ടഗാമി ഫസ്റ്റ് നേഷന്‍ (Mattagami First Nation) കമ്മ്യൂണിറ്റിയിലെ ജനങ്ങളെ അടിയന്തരമായി ഒഴിപ്പിച്ചു. ‘ടിമ്മിന്‍സ് 9’ എന്ന് പേരിട്ടിരിക്കുന്ന കാട്ടുതീ ജനവാസ മേഖലയ്ക്ക് വലിയ ഭീഷണിയുയര്‍ത്തിയ സാഹചര്യത്തിലാണ് അധികൃതര്‍ അടിയന്തരമായി നിര്‍ബന്ധിത ഒഴിപ്പിക്കല്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഇവിടെ നിന്നുള്ള നൂറ്റിയറുപതിലധികം താമസക്കാരെയും അവരുടെ വളര്‍ത്തുമൃഗങ്ങളെയും ഒന്റാരിയോയിലെ ബാരി നഗരത്തിലേക്ക് സുരക്ഷിതമായി മാറ്റിപ്പാര്‍പ്പിച്ചു.

കമ്മ്യൂണിറ്റിയിലെ ഭൂരിഭാഗം പേരെയും പ്രത്യേക ബസുകളിലാണ് ബാരി നഗരത്തില്‍ എത്തിച്ചത്. ചില കുടുംബങ്ങള്‍ സ്വന്തം വാഹനങ്ങളിലും ഇവിടെ നിന്ന് രക്ഷപ്പെട്ടു. കടുത്ത അപകടസാഹചര്യത്തില്‍ നിന്ന് ജീവനും കൊണ്ട് പായുമ്പോഴും തങ്ങളുടെ പ്രിയപ്പെട്ട നായ്ക്കള്‍, പൂച്ചകള്‍, പക്ഷികള്‍ തുടങ്ങിയ വളര്‍ത്തുമൃഗങ്ങളെയും ഇവര്‍ ഒപ്പം കൂട്ടിയിരുന്നു. ബാരിയില്‍ എത്തിയ ദുരിതബാധിതര്‍ക്കും അവരുടെ വളര്‍ത്തുമൃഗങ്ങള്‍ക്കും ആവശ്യമായ ആഹാരം, കൂടുകള്‍, ബെഡ്ഡിങ്, കോളറുകള്‍, ലീഷുകള്‍ എന്നിവ ഒന്റാരിയോ എസ്.പി.സി.എ (OSPCA), ഹ്യൂമന്‍ സൊസൈറ്റി എന്നിവര്‍ ചേര്‍ന്ന് ലഭ്യമാക്കിയിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ തന്നെ പ്രദേശത്ത് സ്വമേധയായുള്ള ഒഴിപ്പിക്കല്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ‘ടിമ്മിന്‍സ് 9’ കാട്ടുതീ പെട്ടെന്ന് ആളിപ്പടര്‍ന്നതോടെ ബുധനാഴ്ചയോടെ (ജൂണ്‍ 3) അധികൃതര്‍ കടുത്ത നടപടികളിലേക്ക് കടക്കുകയായിരുന്നു.

കാട്ടുതീ കമ്മ്യൂണിറ്റിയുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഗുരുതരമായ ഭീഷണിയാണെന്ന് വ്യക്തമാക്കിയ മട്ടഗാമി ഫസ്റ്റ് നേഷന്‍ ചീഫും കൗണ്‍സിലും പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് വന്‍ ദുരന്തം ഒഴിവാക്കാനായി ആളുകളോട് ഉടന്‍ തന്നെ മാറിത്താമസിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ കാട്ടുതീ ഏകദേശം 2,945 ഹെക്ടറിലേക്ക് വ്യാപിച്ചതായും ഇപ്പോഴും പൂര്‍ണ്ണമായി നിയന്ത്രണവിധേയമായിട്ടില്ലെന്നും ഒന്റാരിയോ ഫോറസ്റ്റ് ഫയര്‍ അധികൃതര്‍ അറിയിച്ചു. കനത്ത ചൂടും വരണ്ട കാലാവസ്ഥയും ശക്തമായ കാറ്റും തീ കെടുത്താനുള്ള ശ്രമങ്ങള്‍ക്ക് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ആകാശമാര്‍ഗ്ഗമുള്ള അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് (Aerial fire suppression crews) പുറമേ മിനിസ്ട്രി ഓഫ് നാച്ചുറല്‍ റിസോഴ്സിന്റെ പ്രത്യേക ഗ്രൗണ്ട് ക്രൂവിനെയും തീ അണയ്ക്കാനായി പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!