ടൊറന്റോ: മാര്‍ക്കമില്‍ ജനവാസ മേഖലയില്‍ വന്‍ തീപിടുത്തം. മൂന്ന് പേര്‍ക്ക് പരക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. കാള്‍ട്ടണ്‍, കെന്നഡി റോഡുകള്‍ക്ക് സമീപമാണ് അപകടമുണ്ടായത്. രാവിലെ ഏകദേശം 6:45ഓടെയാണ് തീപിടുത്തമുണ്ടായത്.
ഒരു വീട്ടില്‍ ആരംഭിച്ച തീ സമീപത്തുള്ള മറ്റൊരു വീട്ടിലേക്ക് കൂടി പടരുകയായിരുന്നു. സുരക്ഷ മുന്‍നിര്‍ത്തി പ്രദേശത്തെ നിരവധി വീടുകളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. പരുക്കേറ്റ മൂന്ന് പേരെയും ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ ഒരാളുടെ പരുക്ക് നിസ്സാരമാണ്. അപകടത്തില്‍പ്പെട്ട വീടുകളിലുണ്ടായിരുന്ന മറ്റെല്ലാ ആളുകളെയും സുരക്ഷിതമായി കണ്ടെത്തിയതായി പോലീസ് സ്ഥിരീകരിച്ചു.

രക്ഷാപ്രവര്‍ത്തകര്‍ എത്തുമ്പോള്‍ വീടിന്റെ ഒന്നാം നിലയില്‍ നിന്ന് ശക്തമായ പുക ഉയര്‍ന്ന നിലയിലായിരുന്നു. പരുക്കേറ്റ ഒരാള്‍ വീട്ടുകാരുടെ സഹായത്തോടെ സ്വയം രക്ഷപ്പെട്ടിരുന്നുവെന്നും, മറ്റ് രണ്ട് പേരെ ഫയര്‍ഫോഴ്‌സ് സംഘമാണ് വീടിനുള്ളില്‍ നിന്ന് പുറത്തെത്തിച്ചതെന്നും മര്‍ഖാം ഫയര്‍ ചീഫ് ക്രിസ് നിയറിംഗ് മാധ്യമങ്ങളോട് പറഞ്ഞു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും, നിലവില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് യോര്‍ക്ക് പോലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് ഫയര്‍ മാര്‍ഷല്‍ ഓഫീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
