കൊച്ചി:കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ സിപിഎമ്മിന് തിരിച്ചടി. സിപിഎം നേതാക്കൾക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകൾ നിലനിൽക്കുന്നുവെന്ന് പിഎംഎൽഎ കോടതി. കേസിൽ പ്രതികളായ കെ രാധാകൃഷ്ണൻ എംപിയും എ സി മൊയ്തീൻ എംഎൽഎയും ഉൾപ്പെടെയുള്ള പ്രതികൾ ജൂലൈ 4-ന് കോടതിയിൽ ഹാജരാകണമെന്ന് നിർദേശം.
ആകെ 28 പ്രതികൾക്കാണ് കോടതി സമൻസ് അയച്ചിരിക്കുന്നത്. കേസിൽ കുറ്റം നിലനിൽക്കില്ലെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളി. കേസിൽ സിപിഎമ്മിനേയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി.

ക്രമവിരുദ്ധമായി വായ്പകൾ അനുവദിച്ചതും, ഒരേ ഈടിൽ ഒന്നിലധികം വായ്പകൾ നൽകിയതും, കള്ളപ്പണം വെളുപ്പിച്ചതുമുൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളാണ് കേസിലുള്ളത്. ആദ്യം കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഏകദേശം 100 കോടി രൂപയുടെ തട്ടിപ്പായാണ് കേസ് പരിഗണിച്ചിരുന്നത്. എന്നാൽ പിന്നീട് അന്വേഷണം ഏറ്റെടുത്ത ഇ ഡി 324 കോടി രൂപയുടെ കള്ളപ്പണ ഇടപാടുകൾ നടന്നതായി കണ്ടെത്തി. അന്വേഷണത്തിന്റെ ഭാഗമായി 83 പേരെ പ്രതിചേർത്ത ഇ ഡി, സിപിഎമ്മിനെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി. ക്രൈംബ്രാഞ്ച് പ്രതിചേർത്ത 31 പേരിൽ 13 പേരെ മാത്രമാണ് ഇ ഡി പ്രതികളാക്കിയത്.പ്രതിപ്പട്ടികയിലുള്ള സിപിഎമ്മിന്റെ സ്വത്തടക്കം 53 പേരുടെ 128 കോടി വിലവരുന്ന വസ്തുക്കൾ ഇ ഡി കണ്ടുകെട്ടുകയും ചെയ്തിരുന്നു.
