Saturday, June 6, 2026

ബാക്ടീരിയയുടെ സാന്നിധ്യം വര്‍ധിക്കുന്നു; കാനഡയില്‍ കക്ക വ്യവസായം പ്രതിസന്ധിയില്‍

അറ്റ്‌ലാന്റിക്: അറ്റ്‌ലാന്റിക് കാനഡയിലെ കക്ക (Oyster) വ്യവസായ മേഖലയ്ക്ക് പുതിയ പ്രതിസന്ധി. കാലാവസ്ഥാ വ്യതിയാനം മൂലം സമുദ്രജലം അതിവേഗം ചൂടുപിടിക്കുന്നത് മൂലം കക്കകളില്‍ ബാക്ടീരിയയുടെ സാന്നിധ്യം വര്‍ധിക്കുന്നതായി പഠനം. മൗണ്ട് അലിസണ്‍ യൂണിവേഴ്‌സിറ്റിയും കനേഡിയന്‍ ഫെഡറല്‍ ഗവണ്‍മെന്റും സംയുക്തമായി നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമാക്കുന്നു. കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ ഗള്‍ഫ് ഓഫ് സെന്റ് ലോറന്‍സിലെ ജലതാപനില ഉയര്‍ന്നതോടെ മനുഷ്യരില്‍ കടുത്ത ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്ന ‘വിബ്രിയോ പാരാഹീമോലിറ്റിക്കസ്’ എന്ന ബാക്ടീരിയയുടെ സാന്നിധ്യം ഇവിടെ ഗണ്യമായി വര്‍ധിച്ചതായാണ് കണ്ടെത്തല്‍.

കാനഡയിലെ മാരിടൈംസ് മേഖലയിലെ കര്‍ഷകര്‍ കക്കകളുടെ വളര്‍ച്ചയെ ബാധിക്കുന്ന MSX, ഡെര്‍മോ (Dermo) എന്നീ രോഗങ്ങള്‍ മൂലം ഇതിനകം തന്നെ കടുത്ത വിതരണക്ഷാമവും സാമ്പത്തിക നഷ്ടവും നേരിടുന്നതിനിടയിലാണ് പുതിയ തിരിച്ചടിയായി ഈ ബാക്ടീരിയയുടെ സാന്നിധ്യവും ഉയരുന്നത്.വ കടുത്ത ചൂടുള്ള സമയങ്ങളില്‍ കക്കകള്‍ക്കുള്ളില്‍ അതിജീവിക്കാന്‍ ശേഷിയുള്ള ഈ ബാക്ടീരിയ കക്കകളെ നേരിട്ട് ബാധിക്കുകയോ അവയ്ക്ക് നാശമുണ്ടാക്കുകയോ ഇല്ല. എന്നാല്‍ വിബ്രിയോ ബാക്ടീരിയ അടങ്ങിയ കക്കകള്‍ നന്നായി പാകം ചെയ്യാതെ കഴിക്കുന്നത് മനുഷ്യരില്‍ കടുത്ത വയറിളക്കം, വയറുവേദന, പനി, ഛര്‍ദ്ദി, വിറയല്‍ തുടങ്ങിയ ഗുരുതരമായ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാക്കും.

1998-നെ അപേക്ഷിച്ച് 2023-ല്‍ കക്കകള്‍ ഈ ബാക്ടീരിയയുടെ സാന്നിധ്യം മൂലം ഫുഡ് ഇന്‍സ്‌പെക്ഷന്‍ ക്വാളിറ്റി ടെസ്റ്റുകളില്‍ പരാജയപ്പെടാനുള്ള സാധ്യത 10 ശതമാനം വരെ വര്‍ധിച്ചതായി പഠനത്തിന് നേതൃത്വം നല്‍കിയ വില്യം ചാപ്മാന്‍ വ്യക്തമാക്കുന്നുണ്ട്. കനേഡിയന്‍ ഫുഡ് ഇന്‍സ്‌പെക്ഷന്‍ ഏജന്‍സി കൃത്യമായ നിരീക്ഷണത്തിലൂടെ ഇത്തരം കക്കകള്‍ വിപണിയില്‍ എത്തുന്നില്ല എന്ന് ഉറപ്പുവരുത്തുന്നുണ്ടെങ്കിലും, ഗുണനിലവാരമില്ലാത്തവ വിപണിയില്‍ നിന്ന് നീക്കം ചെയ്യുന്നത് കര്‍ഷകരുടെ സാമ്പത്തിക അടിത്തറയെ കൂടുതല്‍ ബാധിക്കും.

ലോകത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ ചൂടുപിടിക്കുന്ന സമുദ്രഭാഗങ്ങളിലൊന്നാണ് ഗള്‍ഫ് ഓഫ് സെന്റ് ലോറന്‍സ് എന്നതിനാല്‍, ഭാവിയില്‍ സമുദ്രജലം ഇനിയും ചൂടുപിടിക്കുന്ന സാഹചര്യം കക്ക വ്യവസായത്തെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് ഗവേഷകര്‍. അതേസമയം കക്കകള്‍ വാങ്ങി പച്ചയായി (Raw) കഴിക്കാന്‍ ഉദ്ദേശിക്കുന്ന ഉപഭോക്താക്കള്‍ സുരക്ഷിതത്വത്തിനായി ഇവ കൂളറുകളില്‍ സൂക്ഷിച്ചു വേണം കൊണ്ടുപോകാന്‍ എന്ന് പഠനത്തിന്റെ സഹരചയിതാവായ ഡോ. ജോഷ് കുറെക് നിര്‍ദ്ദേശിക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!