കാല്‍ഗറി: ബാന്‍ഫ് നാഷണല്‍ പാര്‍ക്കില്‍ ഗ്രിസ്ലി കരടികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി കോളര്‍ ധരിപ്പിച്ച് നിരീക്ഷിക്കുന്ന പ്രവര്‍ത്തനം പാര്‍ക്സ് കാനഡ ശക്തമാക്കുന്നു. റോക്കി മൗണ്ടന്‍ നാഷണല്‍ പാര്‍ക്കുകളിലെ ഗ്രിസ്ലി കരടികളെ നിരീക്ഷിക്കുന്നതിനുള്ള തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണിത്.
ഇതിന്റെ ഭാഗമായി വന്യജീവി സംഘം മൂന്ന് പ്രായപൂര്‍ത്തിയായ ആണ് കരടികളെ പിടികൂടിയിരുന്നു. ഇതില്‍ ‘ദി ബോസ്’ എന്നറിയപ്പെടുന്ന പ്രശസ്തമായ ‘ബെയര്‍ നമ്പര്‍ 122’ എന്ന കരടിയെ മെയ് 13-ന് കോളര്‍ ധരിപ്പിച്ചെങ്കിലും, ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ അത് ഊരിമാറ്റി. വലിയ ആണ് കരടികള്‍ ഇത്തരത്തില്‍ കോളര്‍ ഊരിമാറ്റുന്നത് അസാധാരണമായ കാര്യമല്ലെന്ന് പാര്‍ക്ക് അധികൃതര്‍ വ്യക്തമാക്കി.
ജിപിഎസ് കോളറുകളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ വന്യജീവി മാനേജ്മെന്റിനെ കൂടുതല്‍ ശാസ്ത്രീയമായി സഹായിക്കുമെന്ന് കമ്മ്യൂണിക്കേഷന്‍സ് ഓഫീസര്‍ ജസ്റ്റിന് ബ്രിസ്ബേന്‍ പറഞ്ഞു. മനുഷ്യരുടെ ഇടപെടലുകളും കാലാനുസൃതമായ മാറ്റങ്ങളും കണക്കിലെടുത്ത് കരടികളുടെ വാസസ്ഥലങ്ങള്‍ മെച്ചപ്പെടുത്താന്‍ ഈ പദ്ധതി സഹായിക്കും. നിലവില്‍ കാനഡയിലെ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ നിയമപ്രകാരം ഗ്രിസ്ലി കരടികളെ പ്രത്യേക ശ്രദ്ധ ആവശ്യമുള്ള വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ബാന്‍ഫ് നാഷണല്‍ പാര്‍ക്കില്‍ 2012-2014 കാലഘട്ടത്തില്‍ 64 ഗ്രസ്ലി കരടികള്‍ ഉണ്ടായിരുന്നത് 2021-2023 ല്‍ 71 ആയി വര്‍ധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍, റോഡുകള്‍ക്ക് സമീപമുള്ള കരടികളുടെ എണ്ണത്തില്‍ 56 ശതമാനം കുറവുണ്ടായിട്ടുണ്ട്. വാഹനങ്ങള്‍ ഇടിച്ചും ട്രെയിന്‍ തട്ടിയും ഉണ്ടാകുന്ന അപകട മരണങ്ങളും മനുഷ്യന്റെ അമിതമായ ഇടപെടലുകളുമാണ് ഇതിന് കാരണം.
‘ദി ബോസ്’ പോലുള്ള വലിയ കരടികള്‍ ജനവാസ മേഖലകളായ കാന്‍മോര്‍, ഹാര്‍വി ഹൈറ്റ്സ് തുടങ്ങിയ സ്ഥലങ്ങളില്‍ എത്തുമ്പോള്‍ ആളുകള്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നത് വലിയ ആശങ്കയുണ്ടാക്കുന്നുണ്ടെന്ന് വന്യജീവി സംഘം ഓര്‍മ്മിപ്പിച്ചു. കരടികളുടെയും പൊതുജനങ്ങളുടെയും സുരക്ഷയ്ക്കായി ആവശ്യമെങ്കില്‍ താല്‍ക്കാലികമായി ചില പ്രദേശങ്ങള്‍ അടച്ചിടുമെന്നും അധികൃതര്‍ അറിയിച്ചു.
