മണ്‍ട്രിയോള്‍: കുട്ടികള്‍ക്ക് എനര്‍ജി ഡ്രിങ്കുകള്‍ വില്‍ക്കുന്നത് നിരോധിക്കാനുള്ള ബില്‍ അവതരിപ്പിച്ച് കെബെക്ക് ആരോഗ്യ മന്ത്രി സോണിയ ബെലാഞ്ചെ.
യുവതലമുറയില്‍ എനര്‍ജി ഡ്രിങ്കുകള്‍ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് തടയിടുക എന്ന ലക്ഷ്യത്തോടെയാണ് ബില്‍ അവതരിപ്പിച്ചത്. ഓണ്‍ലൈന്‍ വില്പനകള്‍ക്കും വെന്‍ഡിങ്് മെഷീനുകള്‍ക്കും ഈ നിരോധനം ബാധകമായിരിക്കും. നിയമം ലംഘിച്ച് എനര്‍ജി ഡ്രിങ്കുകള്‍ വാങ്ങുന്ന 16 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് 100 ഡോളര്‍ പിഴ ചുമത്താനും ബില്ലില്‍ വ്യവസ്ഥയുണ്ട്.
എനര്‍ജി ഡ്രിങ്കുകള്‍ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന ആരോഗ്യപരമായ അപകടങ്ങള്‍ പലപ്പോഴും നിസ്സാരവല്‍ക്കരിക്കപ്പെടുകയാണെന്നും, ഇത് അതീവ ഗുരുതരമായ പൊതുജനാരോഗ്യ പ്രശ്‌നമാണെന്നും ബില്‍ അവതരിപ്പിച്ചുകൊണ്ട് ആരോഗ്യ മന്ത്രി പറഞ്ഞു. 2024-ല്‍ എഡിഎച്ച്ഡി (ADHD) രോഗത്തിനുള്ള മരുന്നിനൊപ്പം എനര്‍ജി ഡ്രിങ്കായ റെഡ് ബുള്‍ കഴിച്ചതിനെ തുടര്‍ന്ന് 15 വയസ്സുകാരനായ സക്കറി മിറോണ്‍ എന്ന കുട്ടി മരണപ്പെട്ടിരുന്നു. മരുന്നിന്റെയും കഫീന്റെയും അമിതമായ അളവ് ഹൃദയമിടിപ്പ് താളംതെറ്റിയതാണ് മരണത്തിന് കാരണം. ഇതോടെയാണ് എനര്‍ജി ഡ്രിങ്കുകള്‍ നിരോധിക്കണമെന്ന ആവശ്യം ശക്തമായത്.

അതേസമയം, പ്രവിശ്യയില്‍ ഒക്ടോബറില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബില്‍ വേഗത്തില്‍ പാസാക്കുന്നതിനെതിരെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി രംഗത്തെത്തിയിട്ടുണ്ട്. കുട്ടികളുടെ സംരക്ഷണം പ്രധാനമാണെങ്കിലും വ്യാപാരികള്‍, ഡോക്ടര്‍മാര്‍, ഫാര്‍മസിസ്റ്റുകള്‍ എന്നിവരുള്‍പ്പെടെയുള്ള വിദഗ്ദ്ധരുമായി വിപുലമായ ചര്‍ച്ചകള്‍ നടത്തിയ ശേഷമേ നിയമം നടപ്പിലാക്കാവൂ എന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍ നിയമസഭ പിരിയുന്നതിന് മുന്‍പ് തന്നെ ബില്‍ പാസാക്കാനാണ് പ്രീമിയര്‍ ക്രിസ്റ്റിന്‍ ഫ്രെഷെറ്റിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ശ്രമിക്കുന്നത്.
പൊതുജനാരോഗ്യ സംഘടനകള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവര്‍ക്ക് പുറമെ കെബെക്കിലെ പ്രമുഖ ഫാര്‍മസി ശൃംഖലയായ ഫാമിലിപ്രിക്‌സും ഈ നിരോധന നീക്കത്തിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
