ഓട്ടവ: മുൻ സുപ്രീം കോടതി ജഡ്ജിയായ ലൂയിസ് ആർബർ കാനഡയുടെ 31-ാമത് ഗവർണർ ജനറലായി ഇന്ന് ഔദ്യോഗികമായി ചുമതലയേൽക്കും. കാനഡയുടെ ആദ്യ തദ്ദേശീയ വംശജ ഗവർണർ ജനറലായിരുന്ന മേരി സൈമണിന് പകരമാണ് ആർബർ സ്ഥാനമേൽക്കുന്നത്.
ഓട്ടവയിലെ സെനറ്റ് ഓഫ് കാനഡ കെട്ടിടത്തിൽ നടക്കുന്ന സ്ഥാനാരോഹണ ചടങ്ങിൽപ്രധാനമന്ത്രി മാർക്ക് കാർണി, ചീഫ് ജസ്റ്റിസ് റിച്ചാർഡ് വാഗ്നർ, ഹൗസ് ഓഫ് കോമൺസ് സ്പീക്കർ ഫ്രാൻസിസ് സ്കാർപലെജിയ, അസംബ്ലി ഓഫ് ഫസ്റ്റ് നേഷൻസ്(AFN) ദേശീയ മേധാവി സിൻഡി വുഡ്ഹൗസ് നെപിനാക് എന്നിവരുൾപ്പെടെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.
ചടങ്ങ് ആരംഭിക്കുന്നതിന് മുമ്പ് ഇൻയൂട്ട് പാരമ്പര്യത്തിന്റെ പ്രതീകമായ ‘കുള്ളിക്’ എണ്ണവിളക്ക് തെളിയിക്കും. ചടങ്ങ് അവസാനിക്കുന്നതുവരെ ഇത് കത്തിക്കൊണ്ടിരിക്കും.

ഫ്രാങ്കോഫോൺ ഗായിക സാറ ഡുഫൂർ, ലെ കൗബോയ്സ് ഫ്രിംഗാൻറ്സിന്റെ “ലാ റെയ്ൻ” ആലപിക്കും. ഇംഗ്ലീഷ് ഗായകൻ ടൈലർ ഷാ, റാഫിയുടെ “ലൈക്ക് മീ ആൻഡ് യൂ” അവതരിപ്പിക്കും. പാർലമെന്റിന്റെ കവി ലോറിയേറ്റായ ചിംവെംവെ ഉണ്ടി ചടങ്ങിനായി രചിച്ച “റീസൺസ്” എന്ന കവിത അവതരിപ്പിക്കും.
സ്ഥാനാരോഹണ ചടങ്ങിൽ ഗവർണർ ജനറലെന്ന നിലയിൽ ആർബർ രാജ്യത്തെ അഭിസംബോധന ചെയ്ത് ആദ്യ പ്രസംഗം നടത്തും. പ്രധാനമന്ത്രി മാർക്ക് കാർണിയും ചടങ്ങിൽ പ്രസംഗിക്കും.
സെനറ്റ് ചേംബറിലെ സിംഹാസനത്തിലേക്ക് ആർബർ പ്രവേശിക്കുന്ന സമയത്ത് പാർലമെന്റ് ഹില്ലിൽ നിന്ന് 21 ഗൺ സല്യൂട്ട് മുഴങ്ങും. അതേസമയം, കനേഡിയൻ സായുധ സേനയുടെ സെൻട്രൽ ബാൻഡ് “ഗോഡ് സേവ് ദ കിംഗ്” ആലപിക്കുകയും ഗവർണർ ജനറലിന്റെ പതാക പീസ് ടവറിൽ ഉയർത്തുകയും ചെയ്യും.
79-കാരിയായ ആർബർ അന്താരാഷ്ട്ര നീതിന്യായ രംഗത്തെ പ്രമുഖ വ്യക്തിത്വമാണ്. മുൻ യുഎൻ മനുഷ്യാവകാശ കമ്മീഷണറായും മുൻ യുഗോസ്ലാവിയയുടെയും റുവാണ്ടയുടെയും അന്താരാഷ്ട്ര ക്രിമിനൽ ട്രൈബ്യൂണലുകളുടെ മുഖ്യ പ്രോസിക്യൂട്ടറായും പ്രവർത്തിച്ചിട്ടുണ്ട്.
മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളുടെ പേരിൽ അധികാരത്തിലിരിക്കുന്ന ഒരു രാഷ്ട്രത്തലവനെതിരെ ആദ്യമായി കുറ്റപത്രം സമർപ്പിച്ച പ്രോസിക്യൂട്ടറെന്ന ചരിത്രവും ആർബറിനുണ്ട്. സെർബിയൻ പ്രസിഡന്റ് സ്ലോബോഡൻ മിലോഷെവിച്ചിനെതിരെയായിരുന്നു ആ നടപടി.
കിംഗ് ചാൾസ് മൂന്നാമന്റെ പ്രതിനിധിയായിട്ടാണ് ആർബർ പ്രവർത്തിക്കുക.
