മനില: തെക്കൻ ഫിലിപ്പീൻസിൽ തിങ്കളാഴ്ചയുണ്ടായ ശക്തമായ ഭൂചലനത്തിൽ കനത്ത നാശനഷ്ടം. റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 19 മരണം. 200-ലധികം പേർക്ക് പരുക്കേറ്റു. പ്രാദേശിക സമയം രാവിലെ 7:37-നാണ് ഭൂചലനം അനുഭവപ്പെട്ടത്. സരംഗാനി പ്രവിശ്യയിലെ മാസിം നഗരത്തിൽ നിന്ന് 32 കിലോമീറ്റർ തെക്ക്-പടിഞ്ഞാറായി, 33 കിലോമീറ്റർ ആഴത്തിൽ കടലിനടിയിലായിരുന്നു പ്രഭവകേന്ദ്രം എന്ന് ഫിലിപ്പീൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോൾക്കനോളജി ആൻഡ് സീസ്മോളജി സ്ഥിരീകരിച്ചു.
ഭൂകമ്പത്തെ തുടർന്ന് തീരപ്രദേശങ്ങളിൽ ഒരു മീറ്റർ വരെ ഉയരമുള്ള സുനാമി തിരമാലകൾ രേഖപ്പെടുത്തിയെങ്കിലും നിലവിൽ സുനാമി ഭീഷണി പിൻവലിച്ചതായി പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. അതേസമയം, ചില തീരദേശ മേഖലകളിൽ മുന്നറിയിപ്പിനെ തുടർന്ന് ജനങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറിയിരുന്നു. ജനറൽ സാന്റോസ് നഗരമാണ് ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട പ്രദേശങ്ങളിലൊന്ന്. ഇവിടെ മാത്രം കുറഞ്ഞത് ഏഴ് പേർ മരിക്കുകയും 130-ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി സിവിൽ ഡിഫൻസ് അറിയിച്ചു. പ്രധാന പാലങ്ങൾക്കും കെട്ടിടങ്ങൾക്കും വിള്ളലുകൾ ഉണ്ടായി.
ഒരു രണ്ട് നില സ്കൂൾ കെട്ടിടം തകർന്നുവീണതായും വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നതായുള്ള ആശങ്കയും അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്. ജനറൽ സാന്റോസ് അന്താരാഷ്ട്ര വിമാനത്താവളം താൽക്കാലികമായി അടച്ചതോടെ 17 ആഭ്യന്തര സർവീസുകൾ റദ്ദാക്കി. പല റോഡുകളും പാലങ്ങളും പരിശോധനയ്ക്കായി അടച്ചിട്ടിരിക്കുകയാണ്. ദുരന്തപ്രദേശങ്ങളിലേക്കുള്ള രക്ഷാപ്രവർത്തനത്തിന് തടസ്സങ്ങൾ നേരിടുന്നുണ്ട്.

ഭൂചലനത്തിന്റെ പ്രകമ്പനം ദക്ഷിണ ഫിലിപ്പീൻസിന് പുറത്തേക്ക് വ്യാപിച്ച് മലേഷ്യയിലും ഇന്തോനേഷ്യയിലും അനുഭവപ്പെട്ടു. മലേഷ്യയിലെ സബ മേഖലയിൽ സുനാമി മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും പിന്നീട് അത് പിൻവലിച്ചു.
ഭൂകമ്പത്തിന് പിന്നാലെ ഉണ്ടായ സുനാമി ഭീഷണി പിൻവലിച്ചെങ്കിലും, തുടർചലനങ്ങൾക്ക് സാധ്യതയുണ്ട്. അതിനാൽ തീരദേശ ജനത ജാഗ്രത തുടരണമെന്ന് അധികൃതർ നിർദേശിച്ചു.
