തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമം സംഘടിപ്പിച്ചത് പാർട്ടിക്കും സർക്കാരിനും വലിയ രാഷ്ട്രീയ തിരിച്ചടിയായെന്ന് സിപിഐഎം സംസ്ഥാന സമിതിയുടെ വിലയിരുത്തൽ. ഇടത് സർക്കാർ അധികാരത്തിലിരിക്കെ ഇത്തരമൊരു പരിപാടി സംഘടിപ്പിക്കാൻ പാടില്ലായിരുന്നുവെന്ന് കടുത്ത ഭാഷയിലാണ് സംസ്ഥാന സമിതി യോഗത്തിൽ വിമർശനം ഉയർന്നത്. സംസ്ഥാന സെക്രട്ടേറിയേറ്റ് നേരത്തെ എടുത്ത നിലപാട് തിരുത്തിക്കൊണ്ടാണ് ഈ വിമർശനം സമിതി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയത്. വിഷയത്തിൽ എതിർപ്പ് വന്നു എന്ന ഒറ്റവരി മാത്രമാണ് കരട് റിപ്പോർട്ടിൽ ഉണ്ടായിരുന്നത്, എന്നാൽ ഈ വിമർശനം അപര്യാപ്തമാണെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടിയതോടെയാണ് കൂടുതൽ വ്യക്തമായ തിരുത്തൽ നടപടികൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയത്.

‘ആഗോള അയ്യപ്പസംഗമം’ എന്ന പേര് തന്നെ വലിയ ആശയക്കുഴപ്പമുണ്ടാക്കിയെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. വികസനമായിരുന്നു ലക്ഷ്യമെങ്കിൽ അത്തരമൊരു പേര് നൽകണമായിരുന്നുവെന്നും, അയ്യപ്പസംഗമം എന്ന പേര് ജനങ്ങളിൽ തെറ്റിദ്ധാരണ സൃഷ്ടിച്ചുവെന്നും സമിതി വിലയിരുത്തി. സ്വർണ്ണക്കള്ളക്കടത്ത് കേസിൽ പ്രതിയായ എ. പത്മകുമാറിനെതിരെ സമയബന്ധിതമായി നടപടിയെടുക്കാത്തത് പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് വലിയ മങ്ങലേൽപ്പിച്ചെന്നും നേതാക്കൾ തുറന്നടിച്ചു. വോട്ട് ബാങ്ക് ലക്ഷ്യമിട്ട് സമുദായ നേതാക്കളെ ആശ്രയിക്കുന്ന രീതി ഇനി തുടരേണ്ടതില്ലെന്നും, ഇത്തരം പ്രവണതകൾ അവസാനിപ്പിക്കണമെന്നും നേതാക്കൾ കർശന നിർദ്ദേശം നൽകി.
കണ്ണൂർ ജില്ലയിലെ സംഘടനാപരമായ പോരായ്മകൾ യോഗത്തിൽ ഗൗരവത്തോടെ ചർച്ച ചെയ്തു. തളിപ്പറമ്പ്, പയ്യന്നൂർ എന്നിവിടങ്ങളിലെ സ്ഥാനാർത്ഥി നിർണ്ണയത്തിലുണ്ടായ പാളിച്ചകൾ കണ്ണൂരിൽ നിന്നുള്ള നേതാക്കൾ തന്നെ ഏറ്റുപറഞ്ഞു. സമുദായ നേതാക്കളെ കൂട്ടുപിടിക്കുന്നതിന് പകരം, പാർട്ടി സ്വതന്ത്രമായി ഇടപെട്ട് നേരിട്ട് ജനങ്ങളിലേക്ക് ഇറങ്ങി പ്രവർത്തിക്കണമെന്ന് സമിതി നിർദ്ദേശിച്ചു. ജനങ്ങളെ സമുദായങ്ങളുടെ അടിസ്ഥാനത്തിലല്ല, മറിച്ച് തൊഴിലാളികൾ, കർഷകർ, ഇടത്തരക്കാർ എന്നിങ്ങനെ വർഗ്ഗപരമായി വേണം സമീപിക്കാൻ. കൂടാതെ, ചെറുപ്പക്കാരെയും സ്ത്രീകളെയും പാർട്ടിയിലേക്ക് കൂടുതൽ അടുപ്പിക്കുന്നതിൽ വന്ന വീഴ്ചകൾ പരിഹരിക്കണമെന്നും സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
