സൂപ്പർലീഗ് പദ്ധതികളുമായി മുന്നോട്ടു പോവുകയാണെങ്കിൽ റയൽ മാഡ്രിഡ്, ബാഴ്‌സലോണ, യുവന്റസ് എന്നീ ക്ലബുകളെ ചാമ്പ്യൻസ് ലീഗിൽ നിന്നും ഒഴിവാക്കുമെന്ന മുന്നറിയിപ്പ് വീണ്ടും ആവർത്തിച്ച് യുവേഫ പ്രസിഡന്റ് അലക്‌സാണ്ടർ സെഫറിൻ. കഴിഞ്ഞ വർഷം മുന്നോട്ടു വെച്ച സൂപ്പർ ലീഗ് പദ്ധതിയിൽ നിന്നും മറ്റു ക്ലബുകൾ പിന്മാറിയെങ്കിലും ഈ മൂന്നു ക്ലബുകൾ ഇപ്പോഴും അതുമായി മുന്നോട്ടു പോകുന്ന സാഹചര്യത്തിലാണ് യുവേഫ പ്രസിഡന്റിന്റെ മുന്നറിയിപ്പ്.
ദിവസങ്ങൾക്കു മുൻപ് മാഡ്രിഡിലെ കോടതി പുറത്തിറക്കിയ വിധിന്യായത്തിൽ ക്ലബുകൾ സൂപ്പർലീഗ് പദ്ധതിയുമായി മുന്നോട്ടു പോവുകയാണെങ്കിൽ യുവേഫക്ക് ശിക്ഷാനടപടി സ്വീകരിക്കാൻ കഴിയുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് അപ്പീൽ നൽകി അതിൽ തീരുമാനം വരുന്നതടക്കമുള്ള പ്രക്രിയകളെല്ലാം പൂർത്തിയായാൽ ക്ലബുകൾക്കെതിരെ നടപടിയുമായി യുവേഫ മുന്നോട്ടു പോകുമെന്നാണ് സെഫറിൻ വ്യക്തമാക്കിയത്.
“തീരുമാനത്തിനെതിരെ എപ്പോഴും അപ്പീൽ നൽകാമെന്നതാണ് ഏറ്റവും ആദ്യത്തെ കാര്യം. നടപടിക്രമങ്ങൾ പൂർത്തിയായാൽ ഞങ്ങൾക്ക് പ്രവർത്തിക്കാൻ കഴിയും. ക്ലബുകൾക്കെതിരെ നടപടി എടുക്കാൻ കഴിയുമോയെന്ന് ചിലരെല്ലാം സംശയിക്കുന്നു. അവർ കരുതുന്നതു തെറ്റാണ്. നിയമങ്ങൾ എല്ലാവർക്കും ഒരുപോലെ തന്നെയാണ്.” അദ്ദേഹം പറഞ്ഞു. റയൽ, ബാഴ്‌സ, യുവന്റസ് ക്ലബുകളെ ഒഴിവാക്കുമോ എന്ന ചോദ്യത്തിന് ഇങ്ങിനെയായിരുന്നു സെഫറിന്റെ മറുപടി.
“തീർച്ചയായും അത് സാധ്യമാണ്. എന്നാൽ അതിൽ തീരുമാനം എടുക്കേണ്ടത് യുവേഫ അച്ചടക്ക സമിതിയാണ്, അവർ സ്വതന്ത്രമായാണ് പ്രവർത്തിക്കുന്നത്.” അദ്ദേഹം വ്യക്തമാക്കി. യുവേഫ ബില്യണുകൾ നേടുന്നുണ്ടെന്ന് നിരവധി പേർ പറയുന്നുണ്ടെങ്കിലും അതിൽ 93.5 ശതമാനം തുകയും ക്ലബുകളിലേക്കാണ് പോകുന്നതെന്നും എല്ലാ ക്ലബുകളെയും ഒരുപോലെയാണ് പരിഗണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
