ബാഗ്ദാദ്: എണ്ണ ഉൽപാദന ക്വാട്ട ഗണ്യമായി വർധിപ്പിക്കാത്ത പക്ഷം എല്ലാ സാധ്യതകളും പരിഗണിക്കുമെന്ന് ഇറാഖ്. ഒപെക് (OPEC) അംഗത്വം അവസാനിപ്പിക്കുന്ന കാര്യം വരെ രാജ്യം ആലോചിച്ചിരുന്നുവെന്ന് ഇറാഖ് എണ്ണനയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ റോയിറ്റേഴ്സിനോട് വെളിപ്പെടുത്തി. നിലവിൽ സംഘടനയിൽ തുടരാനാണ് തീരുമാനം എങ്കിലും ഉയർന്ന ഉൽപാദന ക്വാട്ടയ്ക്കായി ശക്തമായ സമ്മർദം ചെലുത്താനാണ് ഇറാഖിന്റെ നീക്കം.

വാർത്ത ഇറാനുമായുള്ള യുദ്ധത്തിന്റെ പ്രത്യാഘാതങ്ങളും എണ്ണ കയറ്റുമതിയിലെ തടസങ്ങളും മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഇറാഖ് കടന്നുപോകുന്നത്. ഈ സാഹചര്യത്തിൽ ഒപെക്കിലെ ഉൽപാദന ക്വാട്ട വർധിപ്പിക്കണമെന്ന ആവശ്യം ഗൗരവത്തോടെ പരിഗണിക്കണമെന്ന് മുതിർന്ന ഇറാഖ് എണ്ണമന്ത്രാലയ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു. “സൗദി അറേബ്യയും ഒപെക് സഖ്യരാജ്യങ്ങളും ഈ വിഷയത്തെ അതീവ ഗൗരവത്തോടെ കാണണം.
അല്ലാത്തപക്ഷം ഇറാഖ് എല്ലാ ലഭ്യമായ വഴികളും പരിഗണിക്കാൻ നിർബന്ധിതമാകും,” ഉദ്യോഗസ്ഥൻ മുന്നറിയിപ്പ് നൽകി. അതേസമയം, ഒപെക് വിടുന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നിട്ടുണ്ടെങ്കിലും അത്തരമൊരു നടപടിക്ക് ഇപ്പോൾ സമയമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാഖ് സർക്കാരിന്റെ വക്താവ് ഹൈദർ അൽ അബൗദി രാജ്യത്തിന്റെ പൂർണ എണ്ണ കയറ്റുമതി ശേഷി പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് അറിയിച്ചു.
വരും വർഷങ്ങളിൽ പ്രതിദിന എണ്ണ ഉൽപാദനം 70 ലക്ഷം ബാരലായി ഉയർത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ രണ്ടാമത്തെ വലിയ ഒപെക് ഉൽപാദക രാജ്യമാണ് ഇറാഖ്. ഈ വർഷം യുഎഇ സംഘടന വിട്ടതിനു പിന്നാലെ ഇറാഖും പുറത്തുപോകുന്ന സാഹചര്യം ഉണ്ടായാൽ അത് ഒപെക്കിന് വലിയ തിരിച്ചടിയാകും. ഒപെക്കിന്റെ സ്ഥാപക അംഗങ്ങളിൽ ഒന്നായ ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിലായിരുന്നു സംഘടനയുടെ രൂപീകരണം.
