സസ്‌കച്വാന്‍: ഈസ്റ്റ്-സെന്‍ട്രല്‍ സസ്‌കച്വാനില്‍ പെയ്ത കനത്ത മഴയെത്തുടര്‍ന്ന് മേഖലയിലെ നിരവധി കമ്മ്യൂണിറ്റികള്‍ പ്രളയക്കെടുതിയില്‍. വെള്ളപ്പൊക്കം രൂക്ഷമായതോടെ പ്രവിശ്യയിലെ പല പ്രദേശങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. യോര്‍ക്റ്റണിന് വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന കീസീക്കൂസ് ഫസ്റ്റ് നേഷന്‍, കോട്ട് ഫസ്റ്റ് നേഷന്‍ എന്നീ തദ്ദേശീയ കമ്മ്യൂണിറ്റികളില്‍ കനത്ത ഫ്‌ലാഷ് ഫ്‌ലഡ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
കീസീക്കൂസ് മേഖലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനൊപ്പം ഇരു കമ്മ്യൂണിറ്റികളിലും ജനങ്ങള്‍ക്ക് യാത്രാവിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കനത്ത പ്രളയത്തില്‍ ഹൈവേ 49-ന്റെ ഒരു ഭാഗം പൂര്‍ണ്ണമായി ഒലിച്ചുപോയത് നോര്‍ക്വേ, പെല്ലി നഗരങ്ങള്‍ക്കിടയിലുള്ള യാത്ര പൂര്‍ണ്ണമായും തടസ്സപ്പെടുത്തി. നോര്‍ക്വേ, വദേന, കനോര, കാംസാക്ക് തുടങ്ങിയ നഗരങ്ങളിലെ ഓടകള്‍ നിറഞ്ഞുകവിയുന്നത് തടയാന്‍ ജനങ്ങള്‍ വെള്ളത്തിന്റെ ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കനോര നഗരത്തില്‍ മാത്രം അമ്പതിലധികം വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ടുണ്ട്. റോഡുകളിലും തോടുകളിലും വെള്ളം ഉയര്‍ന്നതിനെത്തുടര്‍ന്ന് പലയിടങ്ങളിലും ബാരിക്കേഡുകള്‍ സ്ഥാപിച്ചു. നഗരത്തിലെ മലിനജല പമ്പിങ് സംവിധാനം തകരാറിലായതിനെത്തുടര്‍ന്ന് പലര്‍ക്കും കഴിഞ്ഞ രണ്ടുദിവസമായി ശുചിമുറികള്‍ ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതിന് താത്കാലിക പരിഹാരമായി പോര്‍ട്ടബിള്‍ ശൗചാലയങ്ങള്‍ എത്തിച്ചിട്ടുണ്ട്. പ്രതിസന്ധി ഘട്ടത്തിലും ജനങ്ങള്‍ പരസ്പരം സഹായിച്ച് മാതൃകയാവുകയാണെന്ന് കനോരയിലെ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് ഓഫീസര്‍ ബ്രാന്‍ഡി സാവിസ്ലക് പറഞ്ഞു.
മേഖലയിലെ ടോഗോ (Togo) ഗ്രാമത്തിന്റെ സ്ഥിതിയും അതീവ ഗുരുതരമാണ്. ഗ്രാമത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും നിലവില്‍ വെള്ളത്തിനടിയിലാണ്. പ്രളയത്തെത്തുടര്‍ന്ന് ഇവിടുത്തെ കിണറുകളും വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റും പൂര്‍ണ്ണമായി അടച്ചുപൂട്ടേണ്ടി വന്നതായി വില്ലേജ് അഡ്മിനിസ്‌ട്രേറ്റര്‍ റീറ്റ ബ്രോക്ക് അറിയിച്ചു. ഗ്രാമത്തിലേക്ക് പ്രവേശിക്കാനോ പുറത്തുപോകാനോ നിലവില്‍ വഴികളില്ലാത്ത അവസ്ഥയാണ്. ആകെ 83 പേര്‍ മാത്രം താമസിക്കുന്ന ഈ ചെറിയ കമ്മ്യൂണിറ്റിയിലെ അറുപതോളം വീടുകളെ പ്രളയം ബാധിച്ചിട്ടുണ്ട്. സസ്‌കച്വാന്‍ പബ്ലിക് സേഫ്റ്റി ഏജന്‍സി (SPSA) ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സജ്ജമായി രംഗത്തുണ്ട്. അതേസമയം, മേഖലയിലെ കനത്ത മഴയ്ക്ക് നേരിയ ശമനമുണ്ടാകുമെന്നാണ് എന്‍വയോണ്‍മെന്റ് കാനഡയുടെ പുതിയ പ്രവചനം.
