ഓട്ടവ: കാനഡ ദിനത്തില്‍ ഓട്ടവ നഗരത്തെ മുക്കിയ റെക്കോര്‍ഡ് മഴയ്ക്കും പ്രളയത്തിനും പിന്നാലെ നഗരത്തില്‍ ശുചീകരണ-പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. നഗരത്തിലെ ജനവാസ മേഖലകളിലെ റോഡുകളിലും ഹൈവേ 416, 417 എന്നിവടങ്ങളും വെളളക്കെട്ടിലാണ്. പല പ്രധാന പാതകളും താല്‍ക്കാലികമായി അടച്ചുപൂട്ടി. വ്യാഴാഴ്ച രാവിലെയും മൂഡി ഡ്രൈവ്, സ്‌കോട്ട് സ്ട്രീറ്റ് തുടങ്ങിയ ചില റോഡുകളില്‍ കനത്ത വെള്ളക്കെട്ട് കാരണം ഗതാഗത നിയന്ത്രണം തുടരുന്നതായി ഓട്ടവ പൊലീസ് അറിയിച്ചു.
ബുധനാഴ്ച ഓട്ടവ എയര്‍പോര്‍ട്ടില്‍ മാത്രം 118 മില്ലിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. ഓട്ടവയുടെ ചരിത്രത്തില്‍ ജൂലൈ 1-ന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന മഴയാണിത്. 1959 ജൂലൈ 1-ന് രേഖപ്പെടുത്തിയ 58.9 മില്ലിമീറ്റര്‍ മഴയുടെ റെക്കോര്‍ഡാണ് ഇതോടെ തകര്‍ന്നത്. ഒട്ടവയുടെ ചരിത്രത്തിലെ എക്കാലത്തെയും വലിയ രണ്ടാമത്തെ മഴയാണിത്. 2004 സെപ്റ്റംബര്‍ 9-ന് ഫ്രാന്‍സിസ് ചുഴലിക്കാറ്റിന്റെ അവശിഷ്ടങ്ങളെ തുടര്‍ന്ന് പെയ്ത 135.4 മില്ലിമീറ്റര്‍ മഴയാണ് നഗരത്തില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്നത്.

തങ്ങളുടെ ബേസ്മെന്റുകളില്‍ വെള്ളം കയറിയതായി കാണിച്ച് 1,450-ഓളം താമസക്കാര്‍ നഗരസഭയുടെ 3-1-1 ഹെല്‍പ്പ്ലൈന്‍ നമ്പറില്‍ ബന്ധപ്പെട്ടതായി മേയര്‍ മാര്‍ക്ക് സട്ട്ക്ലിഫ് അറിയിച്ചു. പ്രളയത്തില്‍ തങ്ങളുടെ ബേസ്മെന്റുകളില്‍ സൂക്ഷിച്ചിരുന്ന എല്ലാ സമ്പാദ്യങ്ങളും നഷ്ടപ്പെട്ട നിരവധി കുടുംബങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫോണ്‍ കോളുകള്‍ വഴിയുള്ള കാലതാമസം ഒഴിവാക്കാനും അടിയന്തര സഹായങ്ങള്‍ വേഗത്തിലാക്കാനും നഗരസഭയുടെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി വിവരങ്ങള്‍ അറിയിക്കാന്‍ മേയര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
പ്രളയബാധിതരെ സഹായിക്കാന്‍ കടുത്ത ഇളവുകളും അടിയന്തര നടപടികളും മേയര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളപ്പൊക്കത്തില്‍ കേടുപാടുകള്‍ സംഭവിച്ച സാധനങ്ങള്‍ നീക്കം ചെയ്യുന്നതിനായി വരും ആഴ്ചയില്‍ മാലിന്യ ശേഖരണത്തിനുള്ള പരിധികള്‍ (Garbage limits) ഒഴിവാക്കുമെന്നും ഇതിനായി പ്രത്യേക മാലിന്യ ശേഖരണ ദിവസങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ, താമസക്കാര്‍ക്ക് പിന്നീട് തങ്ങളുടെ ബേസ്മെന്റുകള്‍ പുനരുദ്ധീകരിക്കാനും അറ്റകുറ്റപ്പണികള്‍ നടത്താനും ആവശ്യമായ ബില്‍ഡിങ് പെര്‍മിറ്റ് ഫീസുകള്‍ പൂര്‍ണ്ണമായി ഒഴിവാക്കി നല്‍കുമെന്നും മേയര്‍ ഉറപ്പുനല്‍കി.
കനത്ത ഇടിമിന്നലിലും കാറ്റിലും മരങ്ങള്‍ കടപുഴകി വീണതിനെ തുടര്‍ന്ന് ഒട്ടവയില്‍ വ്യാഴാഴ്ച രാവിലെയും ആറായിരത്തോളം ഉപഭോക്താക്കള്‍ക്ക് വൈദ്യുതിയില്ല. ഹൈഡ്രോ ഓട്ടവ ജീവനക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഇവിടെ അറ്റകുറ്റപ്പണികള്‍ നടത്തിവരികയാണ്. കൂടാതെ ഓട്ടവ മുതല്‍ കിങ്സ്റ്റണ്‍, കോണ്‍വാള്‍ വരെയുള്ള വലിയൊരു മേഖലയില്‍ ഹൈഡ്രോ വണ്ണിന്റെ പതിനയ്യായിരത്തിലധികം ഉപഭോക്താക്കളും ഇരുട്ടിലാണ്. വ്യാഴാഴ്ച വൈകുന്നേരത്തോടെ ഭൂരിഭാഗം സ്ഥലങ്ങളിലും വൈദ്യുതി പുനഃസ്ഥാപിക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. അവധി ദിവസമായിരുന്നിട്ടും ഓട്ടവ നഗരസഭയുടെ എമര്‍ജന്‍സി കമാന്‍ഡ് സെന്ററും മറ്റ് രക്ഷാപ്രവര്‍ത്തകരും കമ്മ്യൂണിറ്റി ഏജന്‍സികളും സംയുക്തമായാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നിലവില്‍ നേതൃത്വം നല്‍കുന്നത്.
