ന്യൂയോര്‍ക്ക്: ലോകകപ്പ് മത്സരങ്ങള്‍ക്കായി വന്‍ തുക നല്കി വാങ്ങിയ ടിക്കറ്റുകള്‍ ഒരു മുന്നറിയിപ്പുമില്ലാതെ റദ്ദാക്കിയതിനെതിരെ ആരാധകര്‍ കോടതിയിലേക്ക്. പ്രമുഖ ടിക്കറ്റ് റീസെയില്‍ പ്ലാറ്റ്ഫോം ആയ സ്റ്റബ്ഹബ്ബിന് (StubHub Inc) എതിരെയാണ് നിയമനടപടിയുമായി ഫുട്ബോള്‍ ആരാധകര്‍ രംഗത്തെത്തിയത്. പണം നല്കിയ ടിക്കറ്റുകള്‍ ലഭ്യമാക്കുന്നതില്‍ കമ്പനി പരാജയപ്പെട്ടുവെന്ന് കാണിച്ച് യുഎസിലെ മന്‍ഹാട്ടന്‍ ഫെഡറല്‍ കോടതിയിലാണ് ആരാധകര്‍ കൂട്ടഹര്‍ജി (Class Action) ഫയല്‍ ചെയ്തത്. തങ്ങള്‍ വഞ്ചിക്കപ്പെട്ടുവെന്നും വലിയ തുക നല്‍കിയിട്ടും വാഗ്ദാനം ചെയ്ത ടിക്കറ്റുകള്‍ ലഭിച്ചില്ലെന്നുമാണ് ഹര്‍ജിയില്‍ വ്യക്തമാക്കുന്നത്.
മത്സരത്തിന് തൊട്ടുമുമ്പാണ് ടിക്കറ്റ് ക്യാന്സലേഷന് അറിയിപ്പുകള് ലഭിച്ചതായി നിരവധി പേര് സാമൂഹിക മാധ്യമങ്ങളിലൂടെ പരാതിപ്പെട്ടിരുന്നു. ടിക്കറ്റിന്റെ തുക റീഫണ്ട് ചെയ്യാമെന്ന് കമ്പനി അറിയിച്ചെങ്കിലും, മത്സരങ്ങള്‍ കാണാനായി ദീര്‍ഘദൂരം യാത്ര ചെയ്തെത്തിയ തങ്ങള്‍ക്ക് വിമാനക്കൂലിയും താമസസൗകര്യങ്ങള്‍ക്കായി ചെലവായ തുകയും വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയതായി ആരാധകര്‍ പറയുന്നു. കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍, വ്യാജ പരസ്യ നിയമ ലംഘനങ്ങള്‍ എന്നിവ ചൂണ്ടിക്കാട്ടി 5 മില്യണ്‍ യുഎസ് ഡോളറിലധികം (ഏകദേശം 41 കോടിയിലധികം രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് യുഎസിലെ ആയിരക്കണക്കിന് ആരാധകര്‍ക്ക് വേണ്ടി ഈ ഹര്‍ജി നല്‍കിയിരിക്കുന്നത്.

അതേസമയം, ഫിഫയുടെ (FIFA) പുതിയ ടിക്കറ്റിങ് ആപ്പിലെ സാങ്കേതിക തകരാറുകളാണ് ടിക്കറ്റ് കൈമാറ്റത്തെ ബാധിച്ചതെന്നും അല്ലാതെ ടിക്കറ്റുകളുടെ ലഭ്യതക്കുറവല്ല പ്രശ്നമെന്നുമാണ് സ്റ്റബ്ഹബ്ബിന്റെ വാദം. സുരക്ഷിതമായി ടിക്കറ്റുകള്‍ വാങ്ങാന്‍ തങ്ങളുടെ ഔദ്യോഗിക റീസെയില്‍ പ്ലാറ്റ്ഫോം മാത്രം ഉപയോഗിക്കണമെന്ന് ഫിഫ നേരത്തെ ആരാധകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
