Thursday, July 2, 2026

കൊടും ചൂട്: മാരിടൈംസ് പ്രവിശ്യകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

അറ്റ്‌ലാന്റിക്: നോവസ്‌കോഷ, ന്യൂബ്രണ്‍സ്വിക്ക്, പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡ് എന്നീ മേഖലകളില്‍ കൊടും ചൂടും അത്യുഷ്ണവും അനുഭവപ്പെടുന്ന സാഹചര്യത്തില്‍ എന്‍വയോണ്‍മെന്റ് കാനഡ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെ നീണ്ടുനില്‍ക്കുന്ന കടുത്ത ചൂടും ഈര്‍പ്പമേറിയ കാലാവസ്ഥയുമാണ് പ്രവചിച്ചിരിക്കുന്നത്. അതേസമയം അറ്റ്‌ലാന്റിക് തീരപ്രദേശങ്ങളില്‍ നേരിയ തോതില്‍ തണുപ്പ് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്.

നോവസ്‌കോഷ: വ്യാഴാഴ്ച താപനില 29 മുതല്‍ 32 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെങ്കിലും അന്തരീക്ഷത്തിലെ ഈര്‍പ്പം കാരണം അനുഭവപ്പെടുന്ന ചൂട് (Humidex) 36 മുതല്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും. വെള്ളിയാഴ്ച താപനില 33 ഡിഗ്രി വരെയും ഹ്യുമിഡെക്‌സ് 40 ഡിഗ്രി വരെയും ഉയര്‍ന്നേക്കാം. ശനിയാഴ്ചയും കടുത്ത ചൂട് തുടരും.

ന്യൂബ്രണ്‍സ്വിക്ക്: ഇവിടെ വ്യാഴാഴ്ച ചൂട് 32 ഡിഗ്രി വരെയാകുമെങ്കിലും അനുഭവപ്പെടുക 38 മുതല്‍ 42 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള കടുത്ത ചൂടായിരിക്കും. രാത്രികാലങ്ങളിലും താപനില 20 മുതല്‍ 22 ഡിഗ്രി സെല്‍ഷ്യസ് വരെയുണ്ടാകും. വെള്ളിയാഴ്ചയും സമാനമായ സാഹചര്യം തുടരും.

പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡ്: വെള്ളിയാഴ്ച ഇവിടെ താപനില 29 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെങ്കിലും ഹ്യുമിഡെക്‌സ് കാരണം 36 ഡിഗ്രി സെല്‍ഷ്യസിന്റെ ചൂട് അനുഭവപ്പെടും.

തീവ്രമായ ചൂട് ജനങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കാമെന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ ഏജന്‍സി മുന്നറിയിപ്പ് നല്‍കി. ഒറ്റയ്ക്ക് താമസിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍, രോഗികള്‍ എന്നിവരുടെ ആരോഗ്യാവസ്ഥ ഫോണ്‍ വഴിയോ നേരിട്ടോ നിരന്തരം അന്വേഷിക്കണം. തലവേദന, തലകറക്കം, ഓക്കാനം തുടങ്ങിയ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അത് Heat exhaustion ആകാന്‍ സാധ്യതയുണ്ട്. സൂര്യാഘാതത്തിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ 911 എന്ന നമ്പറില്‍ ബന്ധപ്പെടണം. നേരിട്ട് വെയില്‍ കൊള്ളുന്നത് ഒഴിവാക്കുക, കട്ടി കുറഞ്ഞതും ഇളം നിറത്തിലുള്ളതുമായ അയഞ്ഞ വസ്ത്രങ്ങളും വീതിയുള്ള തൊപ്പിയും ധരിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും അധികൃതര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!