Monday, July 6, 2026

എം വി ഗോവിന്ദൻ വര്‍ഗവഞ്ചകന്‍; CPIM സെക്രട്ടറി സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ല: ആഞ്ഞടിച്ച് ജി സുധാകരന്‍

ആലപ്പുഴ: സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ കടന്നാക്രമിച്ച് ജി സുധാകരന്‍ എംഎല്‍എ. എം വി ഗോവിന്ദന്‍ പ്രായോഗികമായും സെെദ്ധാന്തികമായും വര്‍ഗവഞ്ചകന്‍ ആണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നും ജി സുധാകരന്‍ തുറന്നടിച്ചു. ജി സുധാകരന്‍ വര്‍ഗവഞ്ചകനാണെന്ന എം വി ഗോവിന്ദന്റെ പരാമര്‍ശത്തിലാണ് കടുത്ത ഭാഷയില്‍ മറുപടി നല്‍കിയിരിക്കുന്നത്. വി കുഞ്ഞികൃഷ്ണനെയും ടി കെ ഗോവിന്ദനെയും പരാമര്‍ശിച്ചുള്ള എം വി ജയരാജന്റെ പ്രസ്താവയിലേക്ക് തന്റെ പേര് പറയേണ്ട യാതൊരു കാര്യവും എം വി ഗോവിന്ദന് ഉണ്ടായിരുന്നില്ലെന്നും ഗോവിന്ദന്റെ രാഷ്ട്രീയ വകതിരിവുകേട് ആണ് അതെന്നും ജി സുധാകരന്‍ പറഞ്ഞു. വര്‍ഗം എന്താണെന്നും വര്‍ഗവഞ്ചകന്‍ എന്താണെന്നും ഗോവിന്ദന് അറിയില്ല. സൈദ്ധാന്തികന്‍ എന്ന അടിസ്ഥാനമില്ലാത്ത ലേബല്‍ മാത്രമാണുള്ളത്. സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തിരിക്കാന്‍ അദ്ദേഹം യോഗ്യനല്ല. ഒന്നുകില്‍ ഒഴിയണം അല്ലെങ്കില്‍ സിപിഐഎം പുറത്താക്കണം എന്നും ജി സുധാകരന്‍ പറഞ്ഞു.

‘കണ്ണൂര്‍ ജില്ലയില്‍ അഞ്ച് സീറ്റില്‍ യുഡിഎഫ് ജയിച്ചിട്ടും അയാള്‍ക്ക് യാതൊരു ഉളുപ്പുമില്ല. തൊഴിലാളിവര്‍ഗവും കൃഷിക്കാരുമാണ് ഞങ്ങളുടെ വര്‍ഗം. മുതലാളി വര്‍ഗത്തിന് സന്തോഷം ഉണ്ടാക്കി സ്വന്തം വര്‍ഗത്തെ വഞ്ചിക്കുന്നയാളാണ് വര്‍ഗ വഞ്ചകന്‍ എങ്കില്‍ എംവി ഗോവിന്ദനാണ് വര്‍ഗവഞ്ചകന്‍. സൈദ്ധാന്തികമായും പ്രായോഗികമായും എം വി ഗോവിന്ദന്‍ വര്‍ഗവഞ്ചകന്‍ ആണ്. ഞാന്‍ സിപിഐഎമ്മില്‍ നിന്നും പുറത്താക്കപ്പെട്ടതോ രാജിവെച്ചതോ അല്ല. ഇഷ്ടപ്രകാരം അംഗത്വം പുതുക്കാത്തത് എങ്ങനെ വര്‍ഗവഞ്ചനയാകും. പാര്‍ട്ടി ഭരണഘടനയില്‍ ആ അവകാശത്തെ പരാമര്‍ശിക്കുന്നുണ്ട്. പാര്‍ട്ടിയെ പറ്റി ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല’, ജി സുധാകരന്‍ വിശദീകരിച്ചു.

എം വി ഗോവിന്ദന് സെക്രട്ടറി സ്ഥാനത്തിരിക്കാന്‍ നാണമില്ലേയെന്ന് ജി സുധാകരന്‍ ആവര്‍ത്തിച്ചു. അദ്ദേഹം പറയുന്നത് വല്ലതും മനസ്സിലാവാറുണ്ടോ? വായടയ്ക്കുന്നതാണ് നല്ലത്. ഞാന്‍ പാര്‍ട്ടിയില്‍ വന്നകാലത്ത് ഗോവിന്ദന്‍ പാര്‍ട്ടിയില്‍ ഇല്ല. ഇന്നുവരെ ഗോവിന്ദനെതിരെ ഒരക്ഷരം ഞാൻ സംസാരിച്ചിട്ടില്ല. കൊത്തികൊത്തി മുറത്തില്‍ കയറി കൊത്തുകയാണ്. എന്നെപ്പറ്റി പറയാന്‍ ഒരു കാര്യവുമുണ്ടായിരുന്നില്ല. കോണ്‍ഗ്രസ് ചളിക്കുണ്ട് ആവുന്നത് എങ്ങനെയാണ്. നാല് സീറ്റ് സിപിഐഎമ്മിന് കിട്ടുന്നത് പോലും കോണ്‍ഗ്രസ് പിന്തുണയില്‍ അല്ലേയെന്നും ജി സുധാകരന്‍ ചോദിച്ചു.

തന്നെ സിപിഐഎമ്മിലേക്ക് തിരികെയെടുക്കണമെന്ന് അപേക്ഷയൊന്നും കൊടുത്തില്ലല്ലോയെന്നും ജി സുധാകരന്‍ ചോദിച്ചു. മുഖ്യമന്ത്രി വി ഡി സതീശന്റെ നല്ല കാര്യങ്ങള്‍ക്ക് സഭയില്‍ വോട്ടുചെയ്യും. സഭയില്‍ ശക്തമായ പ്രതിപക്ഷം ഇല്ല. പ്രതിപക്ഷ നേതാവ് ശാരീരിക പ്രശ്‌നങ്ങളെതുടര്‍ന്ന് വരാത്തത് മനസ്സിലാക്കാം. പകരം സംസാരിക്കേണ്ട കെ എന്‍ ബാലഗോപാല്‍ പ്രതിപക്ഷ നേതാവിനെ ശകാരിക്കുന്നത് കേട്ടതല്ലേ. ഇതാണോ തൊഴിലാളിവര്‍ഗ സംസ്‌കാരം എന്നും ബാലഗോപാലിനെതിരെ എന്തുകൊണ്ട് സിപിഐഎം നടപടി എടുക്കുന്നില്ല എന്നും ജി സുധാകരന്‍ ചോദിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!