റായ്പൂർ: ഇ 20 പെട്രോൾ ഉപയോഗിച്ചതിനെ തുടർന്ന് വാഹനത്തിന്റെ എൻജിന് തകരാർ സംഭവിച്ചെന്ന പരാതിയിൽ ഉപഭോക്താവിന് അനുകൂലമായി വിധി. റായ്പൂർ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് വാഹന നിർമ്മാതാക്കൾക്കും ഡീലർക്കുമെതിരെ ഉത്തരവ് പുറപ്പെടുവിച്ചത്.
ഇ 20 ഇന്ധനം ഉപയോഗിച്ചതിന് പിന്നാലെ കാറിന്റെ എൻജിനിൽ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടായെന്നും, മൈലേജ് ഗണ്യമായി കുറഞ്ഞെന്നും ചൂണ്ടിക്കാട്ടി കാർ ഉടമ നൽകിയ പരാതിയിലാണ് നടപടി. വാഹനം പലതവണ അംഗീകൃത സർവീസ് സെന്ററിൽ അറ്റകുറ്റപ്പണി നടത്തിയിട്ടും പ്രശ്നം പരിഹരിക്കപ്പെട്ടില്ലെന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്.
വാഹനം റിപ്പയർ ചെയ്യുന്നതിനായി ചെലവായ തുക ഉപഭോക്താവിന് തിരികെ നൽകാനും, മാനസിക ബുദ്ധിമുട്ടിനുള്ള നഷ്ടപരിഹാരവും കോടതി ചെലവും നൽകാനും കോടതി നിർദേശിച്ചു. എഥനോൾ കലർന്ന ഇന്ധനമായ ഇ20 സംബന്ധിച്ച് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യ കോടതി വിധികളിലൊന്നാണിതെന്നാണ് വിലയിരുത്തൽ.

ഇ 20 ഇന്ധനം വാഹനത്തിന് അനുയോജ്യമാണെന്നും എൻജിനിലുണ്ടായ പ്രശ്നങ്ങൾ സാധാരണ തേയ്മാനത്തിന്റെ ഭാഗമാണെന്നും വാഹന നിർമ്മാതാക്കളും ഡീലറും വാദിച്ചു. എന്നാൽ പരിശോധനയിൽ എൻജിനിൽ ഇ20 ഇന്ധനത്തിന്റെ അവശിഷ്ടങ്ങൾ അടിഞ്ഞുകൂടിയതായും ഇന്ധന ടാങ്കിൽ വെളുത്ത നിറത്തിലുള്ള ഒട്ടിപ്പിടിക്കുന്ന ദ്രാവകം കണ്ടെത്തിയതായും തെളിഞ്ഞത് കോടതി പരിഗണിച്ചു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഉപഭോക്താവിന്റെ പരാതിയിൽ കോടതി അനുകൂല നിലപാട് സ്വീകരിച്ചത്. ഇ 20 പെട്രോൾ ഉപയോഗിക്കുന്നത് വാഹനങ്ങൾക്ക് ദോഷകരമല്ലെന്ന കേന്ദ്ര സർക്കാരിന്റെ നിലപാടുകൾക്കിടെയാണ് പുതിയ കോടതി വിധി ശ്രദ്ധ നേടുന്നത്.
