Thursday, July 23, 2026

ബിസിയില്‍ കാട്ടുതീ രൂക്ഷം: ബോസ്റ്റണ്‍ ബാറില്‍ ജനങ്ങളെ ഒഴിപ്പിക്കുന്നു; ഹൈവേ 1 അടച്ചു

ബ്രിട്ടിഷ് കൊളംബിയ: ബിസിയിലെ ബോസ്റ്റണ്‍ ബാറിന് (Boston Bar) സമീപം പുതുതായി പടര്‍ന്നുപിടിച്ച ആന്‍ഡേഴ്‌സണ്‍ ക്രീക്ക് കാട്ടുതീ (Anderson Creek wildfire) വന്‍ ഭീഷണിയുയര്‍ത്തുന്നു. ചൊവ്വാഴ്ച ആരംഭിച്ച തീ ഒറ്റരാത്രികൊണ്ട് നാലിരട്ടിയിലധികം വര്‍ധിച്ച് 43.3 ചതുരശ്ര കിലോമീറ്റര്‍ (4,332 ഹെക്ടര്‍) വിസ്തൃതിയിലേക്ക് വേഗത്തില്‍ പടര്‍ന്നു.

ഫ്രേസര്‍ നദിയുടെ ഇരുവശങ്ങളിലുമായി നിലവിലുള്ള ബ്രണ്‍സ്വിക് ക്രീക്ക്, ഐന്‍സ്ലി ക്രീക്ക് കാട്ടുതീക്കൂട്ടങ്ങളോടൊപ്പമാണ് (wildfire complex) ഇപ്പോള്‍ ആന്‍ഡേഴ്‌സണ്‍ ക്രീക്ക് തീയും ചേര്‍ന്നിരിക്കുന്നത്. ഇവ മൂന്നും ഗുരുതര സാഹചര്യം സൃഷ്ടിക്കുന്ന കാട്ടുതീകളുടെ (wildfires of note) പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബോസ്റ്റണ്‍ ബാറിലെ പാര്‍പ്പിട മേഖലകളില്‍ നിന്ന് വെറും 500 മുതല്‍ 800 മീറ്റര്‍ വരെ മാത്രം അകലെയാണ് നിലവില്‍ തീയുള്ളത്.

തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെങ്കിലും കനത്ത ചൂടും വരണ്ട കാലാവസ്ഥയും മൂലം സ്ഥിതിഗതികള്‍ അതിരൂക്ഷമായി തുടരുകയാണ്. ബോസ്റ്റണ്‍ ബാറിലെയും സമീപ പ്രദേശങ്ങളായ ഹെല്‍സ് ഗേറ്റ്, സ്‌കസി ക്രീക്ക് എന്നിവിടങ്ങളിലെയും നിവാസികള്‍ക്ക് ഉടന്‍ ഒഴിയാന്‍ (Evacuation Order) ഫ്രേസര്‍ വാലി റീജിയണല്‍ ഡിസ്ട്രിക്റ്റ് (FVRD) അടിയന്തര മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സ്പസ്സും ഫസ്റ്റ് നേഷനും ഒഴിയല്‍ മുന്നറിയിപ്പിലാണ് (Evacuation Alert). പ്രദേശവാസികളോട് ഒട്ടും വൈകാതെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു.

സുരക്ഷ മുന്‍നിര്‍ത്തി ആന്‍ഡേഴ്‌സണ്‍ റിവര്‍ മെയിന്‍ ലൈനിനും ജാക്കാസ് സമ്മിറ്റിനും ഇടയിലുള്ള ഹൈവേ 1 (Highway 1) ഇരുദിശകളിലേക്കും അടച്ചു. പകരം യാത്രക്കാര്‍ ഹൈവേ 5 ഉപയോഗിക്കണമെന്ന് ഡ്രൈവ് ബിസി (DriveBC) അറിയിച്ചു.

സംസ്ഥാനത്തുടനീളം 80-ലധികം കാട്ടുതീകളാണ് നിലവില്‍ പടര്‍ന്നുപിടിക്കുന്നത്. കിംബര്‍ലി, പ്രിന്‍സ് ജോര്‍ജ്ജ്, കാരിബൂ മേഖലകളിലും അടിയന്തര മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. കാട്ടുതീ പുക രൂക്ഷമായതിനെ തുടര്‍ന്ന് ബിസിയുടെ കിഴക്കന്‍ മേഖല മുഴുവന്‍ പരിസ്ഥിതി കാനഡ (Environment Canada) എയര്‍ ക്വാളിറ്റി വാര്‍ണിംഗ് പ്രഖ്യാപിക്കുകയും ജനങ്ങളോട് വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!