ദില്ലി: സിജെപി സമരം ശക്തിപ്രാപിച്ചതിനെ തുടര്‍ന്ന് ദില്ലിയിലെ സുരക്ഷ കൂടുതല്‍ കര്‍ശനമാക്കി കേന്ദ്രം 30 കമ്പനി അധിക കേന്ദ്രസേനയെ വിന്യസിച്ചു. സമരത്തിനിടെ പരിക്കേറ്റ യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നതിനിടെ, പ്രതിഷേധവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുകയാണ്.
34 ദിവസമായി തുടരുന്ന സമരവേദിയിലേക്ക് രാവും പകലും ഇല്ലാതെ വലിയ തോതില്‍ ജനങ്ങള്‍ എത്തുന്ന സാഹചര്യത്തിലാണ് അധികസേനയെ നിയോഗിച്ചത്. നിലവിലെ സുരക്ഷാസംവിധാനങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ പ്രയാസമാകുന്ന തരത്തില്‍ ജനക്കൂട്ടം വര്‍ധിച്ചതോടെയാണ് കേന്ദ്രത്തിന്റെ നടപടി. രാത്രികാലങ്ങളില്‍ വിവിധ ഭാഗങ്ങളില്‍ പൊലീസും സമരക്കാരും തമ്മിലുള്ള സംഘര്‍ഷവും തുടരുന്നുണ്ട്.

അടിയന്തര സാഹചര്യങ്ങള്‍ പരിഗണിച്ച് വിമാനമാര്‍ഗമാണ് സേനയെ ദില്ലിയിലെത്തിച്ചത്. അധികമായി വിന്യസിച്ച 30 കമ്പനികളില്‍ 18 കമ്പനി സിആര്‍പിഎഫ്, ആറ് കമ്പനി റാപിഡ് ആക്ഷന്‍ ഫോഴ്സ് (ആര്‍എഎഫ്), മൂന്ന് കമ്പനി ബിഎസ്എഫ്, രണ്ട് കമ്പനി എസ്എസ്ബി, ഒരു കമ്പനി ഐടിബിപി എന്നിവ ഉള്‍പ്പെടുന്നു. ഇതോടെ പ്രതിഷേധം നിയന്ത്രിക്കാന്‍ ദില്ലിയില്‍ ആകെ 45 കമ്പനി കേന്ദ്രസേന സജ്ജമായി.
