Saturday, July 25, 2026

ഇന്ത്യയടക്കം 60 രാജ്യങ്ങള്‍ക്ക് ഇറക്കുമതി തീരുവ കൂട്ടി ട്രംപ്; 10 മുതല്‍ 12.5% വരെ അധിക കസ്റ്റംസ് തീരുവ

വാഷിങ്ടണ്‍: ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് വീണ്ടും ഉയര്‍ന്ന ഇറക്കുമതി തീരുവ ചുമത്തി യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. നിര്‍ബന്ധിത തൊഴിലിലൂടെ ഉല്‍പ്പാദിപ്പിച്ച ഉല്‍പ്പന്നങ്ങള്‍ നിയന്ത്രിക്കുന്നതില്‍ വീഴ്ച വരുത്തിയെന്നാരോപിച്ച് ഇന്ത്യയുള്‍പ്പെടെ 60 രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി ഉല്‍പ്പന്നങ്ങള്‍ക്കാണ് യു.എസ്. ഭരണകൂടം പുതിയ കസ്റ്റംസ് തീരുവ പ്രഖ്യാപിച്ചിരിക്കുന്നത്.

യുഎസ് ട്രേഡ് റെപ്രസെന്റേറ്റീവിന്റെ (USTR) ഉത്തരവ് അനുസരിച്ച് ഇന്ത്യ ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങള്‍ക്ക് 10 ശതമാനവും മറ്റു ചില രാജ്യങ്ങള്‍ക്ക് 12.5 ശതമാനവുമാണ് തീരുവ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ഇന്ത്യയ്ക്ക് 12.5 ശതമാനം തീരുവ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും, തൊഴില്‍ നിയമങ്ങളിലെ ഭേദഗതികളെക്കുറിച്ചും പ്രതിരോധ നടപടികളെക്കുറിച്ചും ഇന്ത്യയുമായി നടത്തിയ നിര്‍ണായക ചര്‍ച്ചകള്‍ക്ക് ശേഷമാണ് താരിഫ് 10 ശതമാനമായി കുറയ്ക്കാന്‍ യു.എസ് തയ്യാറായത്.

വെള്ളിയാഴ്ച പുലര്‍ച്ചെ അര്‍ദ്ധരാത്രിയോടെ പുതിയ താരിഫ് നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്ന് യുഎസ് ട്രേഡ് റെപ്രസെന്റേറ്റീവ് ജാമീസണ്‍ ഗ്രീറിന്റെ ഓഫീസ് അറിയിച്ചു. ഇന്ത്യയ്ക്ക് പുറമേ യുകെ, കാനഡ, മെക്‌സിക്കോ, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, മലേഷ്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങള്‍ക്കും 10 ശതമാനം താരിഫാണ് ബാധകമാവുക. അതേസമയം, യൂറോപ്യന്‍ യൂണിയന്‍, ജപ്പാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 10 മുതല്‍ 12.5 ശതമാനം വരെ തീരുവ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

1974-ലെ യു.എസ്. ട്രേഡ് ആക്ടിന്റെ സെക്ഷന്‍ 301 പ്രകാരമാണ് ട്രംപിന്റെ നിര്‍ദേശപ്രകാരം പുതിയ തീരുവ നടപടികള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. നേരത്തെ ട്രംപ് ഭരണകൂടം പ്രഖ്യാപിച്ച അടിയന്തര താരിഫുകള്‍ യു.എസ്. സുപ്രീം കോടതി റദ്ദാക്കിയതിനെത്തുടര്‍ന്നാണ് സെക്ഷന്‍ 301 പ്രകാരമുള്ള നിയമപരമായ വഴി യു.എസ് സ്വീകരിച്ചത്. അതേസമയം എണ്ണ, ഗ്യാസ്, വളങ്ങള്‍, ചില പ്രധാന ഭക്ഷ്യവസ്തുക്കള്‍ എന്നിവയെ പുതിയ തീരുവയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

വ്യവസ്ഥകള്‍ പാലിക്കാനും വ്യാപാരം തടസ്സപ്പെടാതിരിക്കാനും വ്യാപാരികള്‍ക്ക് സമയം അനുവദിക്കുന്നതിനായി ചില താത്കാലിക ഇളവുകളും പുതിയ പ്രഖ്യാപനത്തിലുണ്ട്. നിര്‍ബന്ധിത തൊഴിലിലൂടെയുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് പൂര്‍ണ്ണമായോ ഭാഗികമായോ ഇറക്കുമതി നിരോധനം ഏര്‍പ്പെടുത്തുകയോ അല്ലെങ്കില്‍ ഉഭയകക്ഷി കരാറുകളിലൂടെ അതിന് തയ്യാറാവുകയോ ചെയ്ത രാജ്യങ്ങള്‍ക്കാണ് 10 ശതമാനം കുറഞ്ഞ നിരക്ക് ബാധകമാക്കിയിരിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!