എഡ്മിന്റൻ: ജീവനക്കാരുടെ പണിമുടക്ക് ഭീഷണിയെത്തുടർന്ന് യാത്രക്കാർക്ക് ആശ്വാസ നടപടിയുമായി കാനഡയിലെ വെസ്റ്റ് ജെറ്റ് (WestJet). ജൂലൈ 30 മുതൽ ഓഗസ്റ്റ് 4 വരെ സർവീസ് നടത്തുന്ന വിമാനങ്ങളിലെ ടിക്കറ്റുകൾ അധിക നിരക്കില്ലാതെ മാറ്റാനോ റദ്ദാക്കാനോ യാത്രക്കാർക്ക് കമ്പനി അനുമതി നൽകി.ശമ്പള വർധന, തൊഴിൽ സാഹചര്യങ്ങളുടെ മെച്ചപ്പെടുത്തൽ തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കമ്പനിയിലെ വിമാന ജീവനക്കാർ പണിമുടക്കിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് യാത്രക്കാർക്ക് ബുദ്ധിമുട്ട് ഒഴിവാക്കാൻ ഈ തീരുമാനം.
കനേഡിയൻ യൂണിയൻ ഓഫ് പബ്ലിക് എംപ്ലോയീസ് അംഗങ്ങളായ 4,400-ഓളം വിമാന ജീവനക്കാരാണ് സമരത്തിനൊരുങ്ങുന്നത്. അടുത്തിടെ നടന്ന വോട്ടെടുപ്പിൽ 99.4 ശതമാനം അംഗങ്ങളും പണിമുടക്കിന് അനുകൂലമായി വോട്ട് ചെയ്തിരുന്നു. നിലവിലെ ചർച്ചകൾ പരാജയപ്പെട്ടാൽ ഓഗസ്റ്റ് 2 മുതൽ നിയമപരമായി പണിമുടക്ക് ആരംഭിക്കും.

പണിമുടക്ക് പ്രഖ്യാപിച്ചാൽ വിമാന സർവീസുകളിൽ തടസ്സം നേരിടാൻ സാധ്യതയുള്ളതിനാലാണ് യാത്രാ പദ്ധതികളിൽ ഇളവ് അനുവദിച്ചതെന്ന് വെസ്റ്റ് ജെറ്റ് അറിയിച്ചു. ബാധിക്കപ്പെടാൻ സാധ്യതയുള്ള യാത്രക്കാർക്ക് മുൻകൂട്ടി ടിക്കറ്റ് മാറ്റുകയോ യാത്ര റദ്ദാക്കുകയോ ചെയ്യാനുള്ള അവസരമാണ് നൽകിയിരിക്കുന്നത്.
അതേസമയം, തൊഴിലാളി സംഘടനയുമായുള്ള ചർച്ചകൾ തുടരുകയാണെന്നും ധാരണയിലെത്തി പണിമുടക്ക് ഒഴിവാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും കമ്പനി അറിയിച്ചു. യാത്രക്കാരുടെ യാത്ര പരമാവധി തടസ്സപ്പെടാതിരിക്കാൻ എല്ലാ ശ്രമങ്ങളും തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.

യാത്രക്കാർക്ക് അനാവശ്യമായ ആശങ്കകൾ ഒഴിവാക്കാൻ കമ്പനിയുടെ നടപടി സഹായകരമാണെന്ന് യൂണിയൻ പ്രതിനിധികളും പ്രതികരിച്ചു. വെസ്റ്റ് ജെറ്റിൽ തൊഴിലാളി സമരം മൂലം സർവീസുകൾ തടസ്സപ്പെടുന്നത് ഇതാദ്യമായല്ല. 2024ൽ മെക്കാനിക്കുകളുടെ സമരത്തെ തുടർന്ന് കമ്പനിയുടെ നിരവധി വിമാന സർവീസുകൾ റദ്ദാക്കുകയും വൈകുകയും ചെയ്തിരുന്നു.
