ടെഹ്റാന്‍: ഇറാന്‍ സമുദ്രാതിര്‍ത്തിയില്‍ വെച്ച് ആക്രമിക്കപ്പെട്ട എല്‍പിജി ടാങ്കറിലെ ജീവനക്കാരായ 28 ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് ടെഹ്റാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. മൊസാംബിക് രജിസ്‌ട്രേഷനുള്ള ‘ദിശ’ എന്ന എല്‍പിജി ടാങ്കറിന് നേരെയാണ് ആക്രമണമുണ്ടായത്. കപ്പലിലെ സാഹചര്യം നിരന്തരം നിരീക്ഷിച്ചു വരികയാണെന്നും പ്രാദേശിക അധികൃതരുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും എംബസി വ്യക്തമാക്കി. മേഖലയില്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെയാണ് വാണിജ്യ കപ്പലിന് നേരെ വീണ്ടും ആക്രമണമുണ്ടായിരിക്കുന്നത്.
ദിവസങ്ങള്‍ക്ക് മുന്‍പ് കരിങ്കടലില്‍ വാണിജ്യ കപ്പലിന് നേരെയുണ്ടായ സമാനമായ മറ്റൊരു ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തില്‍, വാണിജ്യ കപ്പലുകള്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പാക്കണമെന്നും സിവിലിയന്‍ ജീവനക്കാരുടെ ജീവന്‍ സംരക്ഷിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാന്‍-അമേരിക്ക തര്‍ക്കം രൂക്ഷമായതോടെ തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ട മട്ടാണ്.

ഇറാന്‍ സമുദ്രാതിര്‍ത്തിയിലുള്ള കപ്പലുകള്‍ക്ക് നേരെ അമേരിക്കയും, ഹോര്‍മുസിലൂടെ കടന്നുപോകാന്‍ ശ്രമിക്കുന്ന കപ്പലുകള്‍ക്ക് നേരെ ഇറാനും ആക്രമണം ശക്തമാക്കിയിട്ടുണ്ട്. നിലവില്‍ ഒന്നോ രണ്ടോ കപ്പലുകള്‍ മാത്രമാണ് ഈ വഴിയിലൂടെ കടന്നുപോകുന്നത്. ഹോര്‍മുസ് കടലിടുക്കിന് സമീപത്തായി അയ്യായിരത്തിലധികം കപ്പല്‍ ജീവനക്കാര്‍ കുടുങ്ങിക്കിടക്കുന്നതായാണ് ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. പ്രതിസന്ധിയിലായ ഇവരെ അടിയന്തരമായി രക്ഷപ്പെടുത്താന്‍ നടപടി വേണമെന്ന് യു.എന്‍ ഏജന്‍സികള്‍ ആവശ്യപ്പെട്ടു.
