ദോഹ: ഖത്തറിലെ ഇന്ത്യയുടെ പുതിയ അംബാസഡറായി മുതിര്‍ന്ന നയതന്ത്രജ്ഞന് ഡോ. കെ. ശ്രീകര്‍ റെഡ്ഡിയെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിയമിച്ചു. നിലവില്‍ സാന്‍ ഫ്രാന്‍സിസ്കോയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറലായി സേവനമനുഷ്ഠിച്ചു വരികയാണ് അദ്ദേഹം. അടുത്തുതന്നെ അദ്ദേഹം ദോഹയിലെത്തി പുതിയ ചുമതലകള്‍ ഔദ്യോഗികമായി ഏറ്റെടുക്കും.
സാന്‍ ഫ്രാന്‍സിസ്കോയിലെ സേവനത്തിന് മുന്‍പ് ഇന്ത്യാ ഗവണ്മെന്റിന്റെ വാണിജ്യ മന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറിയായും ഡോ. റെഡ്ഡി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2001 ബാച്ച് ഇന്ത്യന്‍ ഫോറിന് സര്‍വീസ് (IFS) ഉദ്യോഗസ്ഥനായ അദ്ദേഹത്തിന് നയതന്ത്ര വ്യാപാര മേഖലകളില്‍ ദീര്‍ഘകാലത്തെ അനുഭവ സമ്പത്തുണ്ട്. ജര്‍മ്മനി, സ്വിറ്റ്സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളിലും അദ്ദേഹം വിവിധ സുപ്രധാന പദവികള്‍ വഹിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര വ്യാപാര രംഗത്തും അദ്ദേഹത്തിന്റെ സേവനം ശ്രദ്ധേയമാണ്. 2014 ഓഗസ്റ്റ് മുതല്‍ 2017 ഒക്ടോബര്‍ വരെ ലോക വ്യാപാര സംഘടനയിലെ (WTO) ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സംഘത്തില്‍ കൗണ്‍സിലറായി പ്രവര്‍ത്തിച്ച അദ്ദേഹം, 2017 ഒക്ടോബര്‍ മുതല്‍ 2020 മാര്‍ച്ച് വരെ വിയറ്റ്നാമിലെ ഹോ ചി മിന് സിറ്റിയില്‍ ഇന്ത്യയുടെ കോണ്‍സല്‍ ജനറലായും ഉത്തരവാദിത്തങ്ങള്‍ നിറവേറ്റിയിട്ടുണ്ട്.
