മിസ്സിസാഗ: ഒന്റാരിയോ മിസ്സിസാഗയില്‍ മൂന്ന് വര്‍ഷം മുമ്പ് ഇന്ത്യന്‍ വംശജനായ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ടാമത്തെ പ്രതിയെ അറസ്റ്റ് ചെയ്തതായി പീല്‍ റീജിയണല്‍ പൊലീസ് അറിയിച്ചു. 2023-ല്‍ പഞ്ചാബ് സ്വദേശി ഫുഡ് ഡെലിവറി ഡ്രൈവറായ ഗുരുവിന്ദര്‍ നാഥ് (24) കൊല്ലപ്പെട്ട കേസില്‍ ജൂലൈ 16-ന് ഡെവൗണ്ടെ തോംസണ്‍ (26) എന്നയാളാണ് പിടിയിലായത്.
2023 ജൂലൈ 9-ന് ഒരു ഡെലിവറിക്കിടെ വാഹനം തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെ ടൊറന്റോ ലോയലിസ്റ്റ് കോളേജില്‍ ബിസിനസ്സ് വിദ്യാര്‍ത്ഥിയായിരുന്ന ഗുരുവിന്ദര്‍ നാഥിന് ഗുരുതരമായി പരുക്കേറ്റിരുന്നു. കാറുമായി കടന്നുകളഞ്ഞ അക്രമികള്‍ ഗുരുവിന്ദറിനെ ഗുരുതര പരിക്കുകളോടെ റോഡരികില്‍ ഉപേക്ഷിക്കുകയായിരുന്നു. ജൂലൈ 14-ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്.

ഒന്നാം പ്രതിയായ മിസ്സിസാഗയില്‍ നിന്നുള്ള 23 കാരിയായ ജസൈന്‍ കെറിനെ 2024 ഫെബ്രുവരി 15 ന് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ രണ്ടാം പ്രതി ഡെവൗണ്ടെ തോംസണെ തിരിച്ചറിയുകയും കാനഡയിലുടനീളം അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
