ടെഹ്‌റാന്‍: കാസ്പിയന്‍ കടലില്‍ ഇറാന്റെ വാണിജ്യ കപ്പലിന് നേരെ യുക്രെയ്ന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിന് കനത്ത തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയുടെ നിര്‍ദേശപ്രകാരമാണ് ആക്രമണമെന്നും ഇതിന് കൃത്യമായ മറുപടി നല്‍കുമെന്നും ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി.
സംഭവത്തില്‍ നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച ഇറാന്‍, പൗരന്മാരുടെയും രാജ്യത്തിന്റെയും സ്വത്തിന് നേരെ ഉണ്ടാകുന്ന ഒരു നീക്കവും വെറുതെ വിടില്ലെന്നും ഓര്‍മ്മിപ്പിച്ചു. യൂറോപ്യന്‍ രാജ്യങ്ങളെക്കൂടി യുദ്ധത്തിലേക്ക് വലിച്ചിഴക്കാന്‍ ഇസ്രയേലിന്റെ നിര്‍ദേശപ്രകാരമാണ് യുക്രെയ്ന്‍ ആക്രമണം നടത്തിയതെന്നാണ് ഇറാന്റെ ആരോപണം. കാസ്പിയന്‍ കടലില്‍ വെച്ച് ഇറാന്റെ കപ്പലിന് നേരെ നടന്ന ലോങ് റേഞ്ച് ഡ്രോണ്‍ ആക്രമണത്തില്‍ കപ്പലില്‍ സ്‌ഫോടനമുണ്ടാകുകയും ഒരു നാവികന്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി ഏറ്റെടുത്തിട്ടുണ്ട്. റഷ്യയ്ക്ക് സൈനിക സാമഗ്രികള്‍ എത്തിക്കുന്ന കപ്പലുകളെയാണ് തകര്‍ത്തതെന്നാണ് യുക്രെയ്‌ന്റെ വാദം.
