തുടര്‍ച്ചയായ അഞ്ച് ദിവസത്തെ ഇടിവിന് ശേഷം ആഭ്യന്തര ഓഹരി വിപണികള്‍ ശക്തമായ തിരിച്ചു വരവ് നടത്തി. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ക്ക് അയവ് വന്നതിനെ തുടര്‍ന്ന് ആഗോളതലത്തില്‍ ഉണ്ടായ അനുകൂല സാഹചര്യങ്ങളും അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞതുമാണ് ഇന്ത്യന്‍ വിപണിക്ക് പെട്ടെന്നുള്ള ഉണര്‍വേകിയത്.
വ്യാപാരത്തിന്റെ ആരംഭത്തില്‍ തന്നെ ബി.എസ്.ഇ സെന്‍സെക്‌സ് 588 പോയിന്റ് (0.77%) ഉയര്‍ന്ന് 76,648.21 ലെവലിലും, എന്‍.എസ്.ഇ നിഫ്റ്റി 163 പോയിന്റ് (0.69%) നേട്ടത്തോടെ 23,930.85 ലെവലിലും എത്തുവാന്‍ സാധിച്ചു.വിപണിയില്‍ വാങ്ങല്‍ താല്പര്യം വീണ്ടും സജീവമായതോടെ നിഫ്റ്റി ബാങ്ക് സൂചിക ഒരു ശതമാനത്തോളം മുന്നേറി. ഇതോടൊപ്പം നിഫ്റ്റി മിഡ്ക്യാപ് 100, നിഫ്റ്റി സ്മോള്‍ക്യാപ് 100 തുടങ്ങിയ വിശാല വിപണി സൂചികകളും യഥാക്രമം 1%, 0.8% വീതം ഉയര്‍ച്ച രേഖപ്പെടുത്തി. ഐ.ടി, റിയാലിറ്റി, എഫ്.എം.സി.ജി, ഫിനാന്‍ഷ്യല്‍ സര്‍വീസസ് തുടങ്ങിയ പ്രധാന മേഖലകളില്‍ ഉണ്ടായ മുന്നേറ്റം വിപണിക്ക് കൂടുതല്‍ കരുത്തേകി.

ഇന്‍ഡിഗോ, ബജാജ് ഫിനാന്‍സ്, ഏഷ്യന്‍ പെയിന്റ്‌സ്, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നീ പ്രമുഖ കമ്പനികളുടെ ഓഹരികള്‍ മികച്ച നേട്ടമുണ്ടാക്കിയപ്പോള്‍, ഭാരതി എയര്‍ടെല്‍ മാത്രമാണ് സെന്‍സെക്‌സില്‍ നേരിയ നഷ്ടം നേരിട്ടത്.നാല് ദിവസം മുമ്പ് ബാരലിന് 102 ഡോളറിലായിരുന്ന ബ്രെന്റ് ക്രൂഡ് ഓയില്‍ വില 93 ഡോളറിലേക്ക് ഇടിഞ്ഞത് ഇന്ത്യന്‍ വിപണിക്ക് വലിയ ആശ്വാസമായെന്ന് ജിയോജിത് ഇന്‍വെസ്റ്റ്മെന്റ്‌സിലെ പ്രമുഖ നിക്ഷേപ തന്ത്രജ്ഞന്‍ വി. കെ. വിജയകുമാര്‍ ചൂണ്ടിക്കാട്ടി. ക്രൂഡ് ഓയില്‍ വിലയിലെ ഈ തിരുത്തലും വരും ദിവസങ്ങളിലെ മണ്‍സൂണിന്റെ പുരോഗതിയും സമീപഭാവിയില്‍ ഇന്ത്യന്‍ വിപണിയുടെ ദിശ നിര്‍ണ്ണയിക്കുന്ന നിര്‍ണ്ണായക ഘടകങ്ങളായിരിക്കും. എണ്ണവില കുറഞ്ഞതിനെ തുടര്‍ന്ന് അമേരിക്കന്‍, യൂറോപ്യന്‍ വിപണികളിലും സമാനമായ മുന്നേറ്റം പ്രകടമായിട്ടുണ്ട്.
