Monday, July 27, 2026

ഓട്ടവയില്‍ ഇനി വെടിക്കെട്ട് വിസ്മയം; `Les Grands Feux du Casino Lac-Leamy’ ജൂലൈ 29 മുതല്‍

ഓട്ടവ: ഓട്ടവ, ഗാറ്റിനോ നഗരങ്ങളുടെ ആകാശത്ത് വിസ്മയക്കാഴ്ചയൊരുക്കി അന്താരാഷ്ട്ര വെടിക്കെട്ട് മഹോത്സവം ‘ലെ ഗ്രാന്‍ഡ്‌സ് ഫ്യൂസ് ദു കാസിനോ ലാക്-ലീമി’ (Les Grands Feux du Casino Lac-Leamy) അരാങ്ങേറുന്നു. ജൂലൈ 29 മുതല്‍ ഓഗസ്റ്റ് 15 വരെ നീളുന്ന മേളയുടെ 29-ാമത് പതിപ്പില്‍ ആറ് രാത്രികളിലാണ് വര്‍ണ്ണാഭമായ വെടിക്കെട്ടും സംഗീത വിരുന്നും ഒരുക്കിയിരിക്കുന്നത്. എല്ലാ ബുധന്‍, ശനി ദിവസങ്ങളിലാണ് പ്രദര്‍ശനം നടക്കുക.

ഓട്ടവ നദിയിലെ പ്രത്യേക ബാര്‍ജില്‍ നിന്നാണ് വെടിക്കെട്ട് തൊടുത്തുവിടുന്നത്. രാത്രി 9:15-ന് ആരംഭിക്കുന്ന ഓരോ ഷോയും 25 മിനിറ്റ് നീണ്ടുനില്‍ക്കും. കനേഡിയന്‍ മ്യൂസിയം ഓഫ് ഹിസ്റ്ററിയുടെ മൈതാനമാണ് ഉത്സവത്തിന്റെ പ്രധാന വേദിയെങ്കിലും കിവെക്കി പോയിന്റ്, മേജേഴ്സ് ഹില്‍ പാര്‍ക്ക് തുടങ്ങി വിവിധ സ്ഥലങ്ങളില്‍ നിന്നും ഈ കാഴ്ചകള്‍ ആസ്വദിക്കാനാകും.

വെടിക്കെട്ട് സമയക്രമം:

ജൂലൈ 29 (ബുധന്‍): ‘റോയല്‍ പൈറോടെക്‌നി’ അവതരിപ്പിക്കുന്ന ‘കാസിനോ റോയല്‍’ പ്രമേയത്തിലുള്ള ഉദ്ഘാടന ഷോ. തത്സമയ ഡി.ജെ സംഗീതവും മേളയ്ക്ക് ആവേശം പകരും.

ഓഗസ്റ്റ് 1 (ശനി): കനഡയുടെ ‘ഓറിയോണ്‍ ഫയര്‍വര്‍ക്‌സ്’ അവതരിപ്പിക്കുന്ന ‘ഒഡീസി ഓഫ് ദി കോസ്‌മോസ്’. പ്രപഞ്ചത്തിലെ ഗ്രഹങ്ങളെയും നക്ഷത്രങ്ങളെയും ആസ്പദമാക്കിയുള്ള ഷോ.

ഓഗസ്റ്റ് 5 (ബുധന്‍): ഫ്രാന്‍സിന്റെ ‘പൈറാഗ്രിക് ഫയര്‍വര്‍ക്‌സ്’ അവതരിപ്പിക്കുന്ന ‘ഫ്രഞ്ച് ടച്ച്’. ഡാഫ്റ്റ് പങ്ക്, ഡേവിഡ് ഗെറ്റ തുടങ്ങിയവരുടെ ഇലക്ട്രോണിക് സംഗീതത്തിനൊപ്പം.

ഓഗസ്റ്റ് 8 (ശനി): ബ്രസീലിന്റെ ‘വിഷന്‍ ഷോ’ അവതരിപ്പിക്കുന്ന ‘ഇമോഷന്‍ ഇന്‍ എവരി മൊമെന്റ്’. റിയോ കര്‍ണിവലിന്റെ ആവേശമാണ് പ്രമേഹം.

ഓഗസ്റ്റ് 12 (ബുധന്‍): ചൈനയുടെ ‘ഡാന്‍സിങ് ഫയര്‍വര്‍ക്‌സ്’ അവതരിപ്പിക്കുന്ന ‘ദി ഫോര്‍ സീസണ്‍സ്’. വിവല്‍ഡിയുടെ പ്രശസ്തമായ സൃഷ്ടിയെ ആസ്പദമാക്കിയുള്ള പ്രകൃതിയുടെ മാറ്റങ്ങള്‍.

ഓഗസ്റ്റ് 15 (ശനി): ‘റോയല്‍ പൈറോടെക്‌നി’യുടെ ഗ്രാന്റ് ഫിനാലെ. സൂപ്പര്‍ ഹീറോകളെയും കായികതാരങ്ങളെയും നിശബ്ദ സേവനം നടത്തുന്ന സാധാരണക്കാരെയും ആദരിക്കുന്ന ഷോ.

കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമായി മാജിക്കല്‍ ഫോറസ്റ്റ്, ലൈവ് സംഗീതവും ഭക്ഷണശാലകളുമുള്ള പ്രൊമുറ്റുവല്‍ പ്ലാസ, ഇന്ററാക്ടീവ് പ്രവര്‍ത്തനങ്ങളുള്ള എന്‍ചാന്റഡ് ഹേവന്‍ എന്നിവയും മേളയുടെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്. പ്രധാന വേദിയില്‍ പ്രവേശിക്കുന്നതിന് ഓണ്‍ലൈന്‍ വഴി ടിക്കറ്റുകള്‍ വാങ്ങേണ്ടതുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!