Tuesday, July 28, 2026

തെക്കൻ ജപ്പാനിൽ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

ടോക്കിയോ: തെക്കൻ ജപ്പാനിലെ പ്രധാന ദ്വീപായ ക്യുഷുവിലെ കുമാമോട്ടോ പ്രവിശ്യയിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം സമുദ്രോപരിതലത്തിൽ നിന്ന് 10 കിലോമീറ്റർ താഴ്ചയിലായിരുന്നുവെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി അറിയിച്ചു.

ഭൂചലനത്തെ തുടർന്ന് ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് വിലയിരുത്തിയ അധികൃതർ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. തീരദേശ മേഖലകളിൽ താമസിക്കുന്നവർ സുരക്ഷിതമായ ഉയർന്ന പ്രദേശങ്ങളിലേക്ക് ഉടൻ മാറാനും സർക്കാർ നിർദേശങ്ങളും പ്രാദേശിക ഭരണകൂടങ്ങളുടെ മുന്നറിയിപ്പുകളും കർശനമായി പാലിക്കാനും അധികൃതർ അഭ്യർഥിച്ചു.

സംഭവത്തെ തുടർന്ന് നാശനഷ്ടങ്ങളുടെ വ്യാപ്തി വിലയിരുത്താൻ ജപ്പാൻ പ്രധാനമന്ത്രിയുടെ ഓഫിസ് ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി. അടിയന്തര ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തരുതെന്നും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് മുന്നോട്ടുകൊണ്ടുപോകണമെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്.

ഭൂചലനത്തിന്റെ പശ്ചാത്തലത്തിൽ ക്യുഷു ദ്വീപിലെ കുമാമോട്ടോ, നാഗസാക്കി, കഗോഷിമ, ഫുകുവോക്ക, സാഗ, ഓയിറ്റ, മിയാസാക്കി എന്നീ പ്രവിശ്യകൾക്ക് അടിയന്തര ഭൂകമ്പ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജൂൺ 25-ന് വടക്കൻ ജപ്പാനിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നെങ്കിലും അന്ന് വലിയ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിരുന്നില്ല.

ലോകത്ത് ഏറ്റവും കൂടുതൽ ഭൂകമ്പങ്ങൾ അനുഭവപ്പെടുന്ന രാജ്യങ്ങളിലൊന്നാണ് ജപ്പാൻ. ഭൂമിയിലെ പ്രധാന ടെക്റ്റോണിക് പ്ലേറ്റുകൾ സംഗമിക്കുന്ന ‘റിങ് ഓഫ് ഫയർ’ മേഖലയിലാണ് രാജ്യം സ്ഥിതി ചെയ്യുന്നത്. അതിനാൽ ലോകത്ത് രേഖപ്പെടുത്തുന്ന ഭൂചലനങ്ങളിൽ ഗണ്യമായൊരു പങ്കും ജപ്പാനിൽ സംഭവിക്കാറുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!