തിരുവനന്തപുരം: പദ്ധതികളുടെ കാലതാമസം ഒഴിവാക്കുന്നതിനും സർക്കാർ ഖജനാവിലെ നഷ്ടം കുറയ്ക്കുന്നതിനുമായി അഞ്ച് സുപ്രധാന ഭരണപരിഷ്കാരങ്ങൾ നടപ്പാക്കുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി വി ഡി സതീശൻ വാർത്താസമ്മേളനത്തിലാണ് പുതിയ തീരുമാനങ്ങൾ വിശദീകരിച്ചത്.
സർക്കാരിന്റെ ആസ്തികളുടെ കാര്യക്ഷമമായ പരിപാലനം, പദ്ധതികളുടെ നിരീക്ഷണം, പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനഃസംഘടന, കാലഹരണപ്പെട്ട നിയമങ്ങളുടെ ഭേദഗതി, സംരംഭകർക്ക് കൂടുതൽ സുഗമമായ സേവനങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് പരിഷ്കാരങ്ങൾ നടപ്പാക്കുന്നത്.
പ്രധാന അഞ്ച് പരിഷ്കാരങ്ങൾ
- സ്പെഷ്യൽ അസറ്റ് മാനേജ്മെന്റ് പ്ലാറ്റ്ഫോം
സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഭൂമി, കെട്ടിടങ്ങൾ, പൈതൃക നിർമ്മിതികൾ, റോഡുകൾ, പാലങ്ങൾ, അണക്കെട്ടുകൾ, വാഹനങ്ങൾ, യന്ത്രസാമഗ്രികൾ തുടങ്ങി മുഴുവൻ ആസ്തികളുടെയും വിവരങ്ങൾ ഏകീകൃത സർക്കാർ പോർട്ടലിൽ ലഭ്യമാക്കും.
- പ്ലാൻ സ്പേസ് 2.0 (പ്രോജക്ട് രജിസ്റ്റർ)
എല്ലാ മൂലധന പദ്ധതികളും ജിയോ-ടാഗ് ചെയ്ത് ജിഐഎസ് അധിഷ്ഠിത പ്രോജക്ട് രജിസ്റ്ററിൽ ഉൾപ്പെടുത്തും. പദ്ധതിയുടെ സ്ഥലം, നിർവഹണ ഏജൻസി, ഫണ്ടിന്റെ ഉറവിടം, അനുമതികൾ, നിർമ്മാണ പുരോഗതി എന്നിവ ഡിജിറ്റലായി നിരീക്ഷിക്കാനാകും.
- സർക്കാർ സ്ഥാപനങ്ങളുടെ സമഗ്ര അസറ്റ് രജിസ്ട്രി
സർക്കാരിന് കീഴിലുള്ള 591 സ്ഥാപനങ്ങളുടെ പ്രവർത്തനം വിലയിരുത്തും. സമാന സ്വഭാവമുള്ള സ്ഥാപനങ്ങൾ സംയോജിപ്പിക്കുന്നതടക്കമുള്ള നടപടികൾ പരിഗണിക്കും. ഈ സ്ഥാപനങ്ങളിലെ വാർഷിക ശമ്പളച്ചെലവ് ഏകദേശം 19,000 കോടി രൂപയാണെന്ന് സർക്കാർ വ്യക്തമാക്കി.
- കാലഹരണപ്പെട്ട നിയമങ്ങളുടെ ഭേദഗതി
പ്രസക്തിയില്ലാത്തതും പരസ്പരവിരുദ്ധവുമായ നിയമങ്ങളും ചട്ടങ്ങളും സമഗ്രമായി പരിശോധിച്ച് ഭേദഗതി വരുത്തും.
- ഈസ് ഓഫ് ഡൂയിങ് ബിസിനസ് സംവിധാനം
സംരംഭകർക്ക് സർക്കാർ സേവനങ്ങൾ കൂടുതൽ ലളിതമാക്കാൻ ഡിജിറ്റൽ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി നടപടിക്രമങ്ങൾ നവീകരിക്കും. സംസ്ഥാനതല പ്രോസസ് റീ-എൻജിനീയറിങ് പദ്ധതിയിലൂടെയാണ് ഇത് നടപ്പാക്കുക.

അതേസമയം കേന്ദ്ര ലേബർ കോഡുകൾ സംസ്ഥാനത്ത് നടപ്പാക്കുന്നതിന് മുമ്പ് എല്ലാ ട്രേഡ് യൂണിയനുകളുമായും ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി. അതിന് ശേഷമായിരിക്കും അന്തിമ തീരുമാനം.ബ്രഹ്മോസ് എയറോസ്പേസ് പദ്ധതിക്കായി അനുവദിക്കാനുള്ള ബാക്കി 90 ഏക്കർ ഭൂമി കൈമാറാനും മന്ത്രിസഭ തീരുമാനിച്ചു. കൂടാതെ, സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിന്റെ അംഗീകൃത ഓഹരി മൂലധനം 35 കോടി രൂപയിൽ നിന്ന് 60 കോടി രൂപയായി ഉയർത്താനും അനുമതി നൽകി.
വിജിലൻസ് അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനായി ജി ശശീന്ദ്രനെയും, കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവയോൺമെന്റിന്റെ (KSCSTE) എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി ഡോ. കെ കെ രാമചന്ദ്രനെയും നിയമിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
