ടൊറന്റോ: ഒന്റാരിയോയില്‍ ഫാമിലി ഡോക്ടര്‍മാരുടെ പരിശീലനത്തിനായി മാത്രമായി ആരംഭിക്കുന്ന ആദ്യ മെഡിക്കല്‍ സ്കൂളിന് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് പ്രവിശ്യാ സര്‍ക്കാര്‍. യോര്‍ക്ക് യൂണിവേഴ്സിറ്റിയുടെ പുതിയ സ്കൂള്‍ ഓഫ് മെഡിസിന് (York University’s School of Medicine) 55.8 മില്യണ്‍ ഡോളര്‍ (5.58 കോടി ഡോളര്‍) നല്‍കുമെന്ന് ഒന്റാരിയോ സര്‍ക്കാര്‍ വ്യക്തമാക്കി.
കോര്ട്ടെലൂച്ചി വോണ്‍ ഹോസ്പിറ്റലിന് (Cortellucci Vaughan Hospital) സമീപമുള്ള സ്ഥലത്ത് നിര്‍മ്മിക്കുന്ന ഈ മെഡിക്കല്‍ സ്കൂള്‍ 2028 ഓഗസ്റ്റില്‍ പ്രവര്‍ത്തനം ആരംഭിക്കും. നിലവില്‍ ഒന്റാരിയോയില്‍ 25 ലക്ഷത്തോളം ആളുകള്‍ക്ക് സ്വന്തമായി ഫാമിലി ഡോക്ടര്‍മാരുടെ സേവനം ലഭ്യമല്ലെന്ന് ഡിസംബറില്‍ ഒന്റാരിയോ മെഡിക്കല്‍ അസോസിയേഷന് (OMA) വ്യക്തമാക്കിയിരുന്നു. ഡോക്ടര്‍മാര്‍ കൂട്ടത്തോടെ വിരമിക്കുന്നതും മേഖല ഉപേക്ഷിക്കുന്നതും വരുംവര്‍ഷങ്ങളില്‍ സ്ഥിതി കൂടുതല്‍ വഷളാക്കുമെന്നാണ് ആശങ്ക. ഇതിന് പരിഹാരമായി 2029-ഓടെ പ്രവിശ്യയിലെ മുഴുവന്‍ ആളുകള്‍ക്കും ഫാമിലി ഡോക്ടറുടെയോ പ്രാഥമിക ആരോഗ്യ പരിപാലന സംഘത്തിന്റെയോ സേവനം ഉറപ്പാക്കാന്‍ ഫോര്‍ഡ് സര്‍ക്കാര്‍ 3.4 ബില്യണ്‍ ഡോളര്‍ മാറ്റിവെച്ചിട്ടുണ്ട്.

ആവശ്യത്തിന് ഫാമിലി ഡോക്ടര്‍മാരെ ലഭ്യമാക്കുന്നതില്‍ യോര്‍ക്ക് യൂണിവേഴ്സിറ്റി വലിയ പങ്ക് വഹിക്കുമെന്ന് ഒന്റാരിയോ ഉന്നതവിദ്യാഭ്യാസ-ഗവേഷണ മന്ത്രി നോളന് ക്വിന്‍ പറഞ്ഞു. മെഡിക്കല്‍ സ്കൂളിന്റെ അക്രഡിറ്റേഷന് നടപടികള്‍, പാഠ്യപദ്ധതി തയ്യാറാക്കല്‍, അധ്യാപക നിയമനവും പരിശീലനവും, മെഡിക്കല്‍ ലൈബ്രറി സ്ഥാപിക്കല്‍, ആദ്യഘട്ട പ്രവര്‍ത്തന ചെലവുകള്‍ എന്നിവയ്ക്കാണ് സര്‍ക്കാരിന്റെ പുതിയ ധനസഹായം വിനിയോഗിക്കുക.
മെഡിക്കല്‍ സ്കൂള്‍ കെട്ടിട നിര്‍മ്മാണത്തിനായി യോര്‍ക്ക് യൂണിവേഴ്സിറ്റി 350 മില്യണ്‍ ഡോളറാണ് സമാഹരിക്കുന്നത്. കൂടാതെ യോര്‍ക്ക് റീജിയന് 25 മില്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. വോണ്‍ (Vaughan) നഗരസഭ കെട്ടിട നിര്‍മ്മാണത്തിനുള്ള സ്ഥലം സൗജന്യമായി നല്കിയപ്പോള്, പ്ലാനിങ് ഗ്രാന്റായി 9 മില്യണ്‍ ഡോളര്‍ പ്രവിശ്യാ സര്‍ക്കാരും നേരത്തെ അനുവദിച്ചിരുന്നു.
ആദ്യഘട്ടത്തില്‍ ബിരുദ തലത്തില്‍ 80 സീറ്റുകളും ബിരുദാനന്തര ബിരുദ തലത്തില്‍ 102 സീറ്റുകളുമാണ് ഇവിടെ ഉണ്ടാകുക. പൂര്‍ണ്ണ ശേഷിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഇത് യഥാക്രമം 240, 293 സീറ്റുകളായി ഉയര്‍ത്തും.
