കുവൈറ്റ് സിറ്റി: കുവൈറ്റിന്റെ വ്യോമാതിർത്തിയിൽ ഇന്ന് പുലർച്ചെ ഉണ്ടായ ഇറാന്റെ ആക്രമണശ്രമം സായുധ സേന പരാജയപ്പെടുത്തിയതായി കുവൈറ്റ് പ്രതിരോധ മന്ത്രാലയം. ഇറാൻ നടത്തിയ ആക്രമണശ്രമത്തിൽ സുപ്രധാനവും സൈനിക പ്രാധാന്യമുള്ളതുമായ കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടതെന്ന് മന്ത്രാലയം വ്യക്തമാക്കി. ആക്രമണത്തിനായി ഉപയോഗിച്ച ഡ്രോണുകൾ കുവൈറ്റ് സായുധ സേന കണ്ടെത്തി വിജയകരമായി നശിപ്പിച്ചതായി പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ സൗദ് അബ്ദുൽ അസീസ് അൽ-ഒതൈബി അറിയിച്ചു.

ഡ്രോണുകളുടെ അവശിഷ്ടങ്ങൾ പതിച്ചതിനെ തുടർന്ന് ചില പ്രദേശങ്ങളിൽ ചെറിയ തോതിലുള്ള നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിനായി കുവൈറ്റ് സായുധ സേന പൂർണ ജാഗ്രതയിൽ തുടരുകയാണെന്നും ഏത് സാഹചര്യവും നേരിടാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
